ധാക്ക
ഏഷ്യാകപ്പ് വനിതാ ട്വന്റി20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും. ബംഗ്ലാദേശിലെ സിൽഹെട്ട് രാജ്യാന്തര സ്റ്റേഡിയത്തിൽ പകൽ ഒന്നിനാണ് കിരീടപ്പോരാട്ടം. സെമിയിൽ ഇന്ത്യ 74 റണ്ണിന് തായ്ലൻഡിനെ കീഴടക്കി. ത്രില്ലറായി മാറിയ രണ്ടാംസെമിയിൽ ശ്രീലങ്ക പാകിസ്ഥാനെ ഒറ്റ റണ്ണിന് അട്ടിമറിച്ചു.
ഏഷ്യാകപ്പിൽ ഇന്ത്യയില്ലാത്ത ഫൈനലുണ്ടായിട്ടില്ല. ഏഴിൽ ആറുതവണയും ജേതാക്കളായി. കഴിഞ്ഞതവണ ആദ്യമായി ഫൈനലിൽ തോറ്റു. ബംഗ്ലാദേശാണ് കിരീടം നേടിയത്. ഇന്ത്യയുടെ എട്ടാംഫൈനലാണ്. ലങ്കയുടേത് അഞ്ചാമത്തേതും.
തായ്ലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റണ്ണടിച്ചു. കളിയിലെ താരമായ ഓപ്പണർ ഷഫാലി വർമ 28 പന്തിൽ 42 റൺ നേടി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (36) ജെമീമ റോഡ്രിഗസും (27) പിന്തുണ നൽകി. സ്മൃതി മന്ദാന 13 റണ്ണിന് പുറത്തായി. ഇന്ത്യൻ ബൗളർമാർ തായ് ബാറ്റിങ് നിരയെ തളച്ചു. അവർക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 74 റണ്ണിൽ അവസാനിപ്പിക്കേണ്ടിവന്നു. ക്യാപ്റ്റൻ നാരുമോൾ ചായ്വായും നട്ടായ ബൂചതമും 21 റൺവീതം നേടി. ദീപ്തി ശർമ നാല് ഓവറിൽ ഏഴ് റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. രാജേശ്വരി ഗെയ്ക്ക്വാദിന് രണ്ട് വിക്കറ്റുണ്ട്.
രണ്ടാംസെമി നാടകീയവും ആവേശകരവുമായിരുന്നു. വിജയമുറപ്പിച്ച കളിയാണ് പാകിസ്ഥാൻ തുലച്ചത്. സ്കോർ: ശ്രീലങ്ക 6–-122, പാകിസ്ഥാൻ 6–-121.
ഏഴ് വിക്കറ്റ് കെെയിലിരിക്കെ പാകിസ്ഥാന് മൂന്ന് ഓവറിൽ ജയിക്കാൻ 18 റൺ മതിയായിരുന്നു. സുഗന്ധിക കുമാരിയുടെ പന്തിൽ ക്യാപ്റ്റൻ ബിസ്മ മറൂഫ് (41 പന്തിൽ 42) പുറത്തായത് വഴിത്തിരിവായി. രണ്ട് ഓവറിൽ 12 റൺ വേണമെന്നിരിക്കെ ആയിഷ നസീമും (2) പുറത്ത്. അവസാന ഓവറിൽ അഞ്ച് വിക്കറ്റ് കയ്യിലുള്ളപ്പോൾ വേണ്ടത് 9 റൺ. അചിനി കുലസൂര്യയുടെ അവസാനപന്തിൽ മൂന്ന് റൺ വേണമെന്നിരിക്കെ നിദ ദർ (26) റണ്ണൗട്ടായി. നിദ ഉയർത്തിയടിച്ച പന്ത് കവിഷ ദിൽഹരി കൈവിട്ടെങ്കിലും വിക്കറ്റ് കീപ്പർക്ക് എറിഞ്ഞുകൊടുത്തു. കീപ്പർ സഞ്ജീവനി ആയാസപ്പെട്ട് വിക്കറ്റിലേക്ക് ചാടിവീണപ്പോൾ ദ്വീപുകാർക്ക് അവിശ്വസനീയ ജയം. നാല് ഓവറിൽ 17 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഇനോക രണവീരയാണ് കളിയിലെ താരം.















