നൗകാമ്പ്
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണ പരുങ്ങലിൽ. തുടർച്ചയായ രണ്ടാംസീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകാനുള്ള സാധ്യതകളേറി. ഇന്റർ മിലാനോട് 3–-3ന് സമനില വഴങ്ങിയതാണ് തിരിച്ചടിയായത്. അടുത്തകളിയിൽ ഇന്റർ, വിക്ടോറിയ പ്ലെസനെ തോൽപ്പിച്ചാൽ ബാഴ്സ പുറത്താകും. ഇതോടെ വീണ്ടും യൂറോപ ലീഗിൽ പന്തുതട്ടേണ്ടിവരും മുൻ ചാമ്പ്യന്മാർക്ക്. വിക്ടോറിയയെ 4–-2ന് തകർത്ത് ബയേൺ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ ഗ്രൂപ്പ് സിയിൽ ഇന്റർ (7) രണ്ടാമതുണ്ട്. ബാഴ്സ നാല് പോയിന്റുമായി മൂന്നാമതാണ്. അടുത്തകളി ബയേണിന് എതിരാണെന്നതും സ്പാനിഷുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
അയാക്സിനെ 4–-2ന് തകർത്ത് നാപോളിയും അവസാന 16 ഉറപ്പിച്ചു. മുഹമ്മദ് സലായുടെ ഹാട്രിക്കിൽ ലിവർപൂൾ 7–-1ന് റേഞ്ചേഴ്സിനെ തകർത്തു. ലീഗ് ചരിത്രത്തിലെ എക്കാലത്തെയും വേഗത്തിലുള്ള ഹാട്രിക്കാണ് സലാ കുറിച്ചത്. മൂന്ന് ഗോളുകൾക്ക് വേണ്ടിവന്നത് ആറ് മിനിറ്റുമാത്രം. പിന്നിട്ടുനിന്നശേഷമായിരുന്നു ലിവർപൂളിന്റെ ഉശിരൻ മടങ്ങിവരവ്. റോബർട്ടോ ഫിർമിനോ ഇരട്ടഗോൾ നേടി.എൽക്ലാസിക്കോയിൽ ഞായറാഴ്ച റയൽ മാഡ്രിഡിനെ നേരിടുന്ന ബാഴ്സയുടെ ആത്മവിശ്വാസം ചോർത്തുന്നതായി ഇന്ററിനെതിരായ സമനില. പരിക്കുസമയം റോബർട്ട് ലെവൻഡോവ്സ്കിയാണ് തോൽവി ഒഴിവാക്കിയത്. ഈ മുന്നേറ്റക്കാരൻ രണ്ട് ഗോളടിച്ചു.
ഉസ്മാൻ ഡെംബെലെയിലൂടെ സ്വന്തംതട്ടകത്തിൽ ബാഴ്സയാണ് ഇന്ററിനെതിരെ ലീഡെടുത്തത്. ഇടവേള കഴിഞ്ഞെത്തിയപ്പോൾ നിക്കോളോ ബരെല്ലയും ലൗതാരോ മാർടിനെസും ഇറ്റലിക്കാർക്കായി ലക്ഷ്യംകണ്ടു. ലെവൻഡോവ്സ്കിയുടെ മറുപടി ഉടനെയുണ്ടായി. സ്കോർ 2–-2. എന്നാൽ 89–-ാംമിനിറ്റിൽ റോബിൻ ഗൊസെൻസ് ഇന്ററിനെ വീണ്ടും മുന്നിലെത്തിച്ചു. തോൽവി ഭയന്ന ബാഴ്സയെ പരിക്കുസമയം ലെവൻഡോവ്സ്കി കാത്തു.
മറ്റ് മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പർ 3–-2ന് ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്ടിനെയും എഫ്സി പോർട്ടോ, ബയേർ ലെവെർകൂസനെ മൂന്ന് ഗോളിനും കീഴടക്കി. അത്ലറ്റികോ മാഡ്രിഡിനെ ക്ലബ് ബ്രുജ് ഗോളടിക്കാതെ തളച്ചു.