ന്യൂഡൽഹി
ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരം സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രതികാര നടപടിയെന്ന് റിപ്പോര്‍ട്ട്. ബിജെപിയിൽ ചേരണമെന്ന നിർദേശം ഗാംഗുലി തള്ളിയതാണ് പ്രകോപനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ കൊൽക്കത്തയിൽ ഗാംഗുലിയുടെ വീട് സന്ദർശിച്ചു. ഗാംഗുലിയെ ഏതുവിധേനയും ബിജെപിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കം വിജയിച്ചില്ല.
പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഗാംഗുലി പുറത്താക്കപ്പെട്ടപ്പോൾ സെക്രട്ടറി സ്ഥാനത്ത് അമിത് ഷായുടെ മകൻ ജയ് ഷാ തുടരുകയാണ്. വൈസ് പ്രസിഡന്റായ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയ്ക്കും ഇളക്കമില്ല. തെറിച്ചത് ഗാംഗുലിമാത്രം. ഇതിൽനിന്നുതന്നെ ഷായുടെ രാഷ്ട്രീയ പകപോക്കൽ വ്യക്തം.
ഒരുവട്ടംകൂടി പ്രസിഡന്റായി തുടരാൻ ഗാംഗുലി താൽപ്പര്യപ്പെട്ടിരുന്നു. എന്നാൽ, ബിജെപി നേതൃത്വം കടുത്ത നിലപാടെടുത്തു. പ്രസിഡന്റ് സ്ഥാനത്തിനു പകരമായി ഐപിഎൽ ചെയർമാൻ പദവി നൽകാമെന്ന് ഗാംഗുലിയെ അറിയിച്ചു. ഇത് ഗാംഗുലി നിരാകരിച്ചു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബിജെപി ഗാംഗുലിയെ തെറിപ്പിച്ചത് ബംഗാളിലും ദേശീയതലത്തിലും രാഷ്ട്രീയ വിവാദമായി. ഇടതുപക്ഷ പാർടികളും തൃണമൂൽ കോൺഗ്രസും ഈ നടപടിയെ നിശിതമായി വിമർശിച്ചു. എന്നാൽ, നടപടിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.
ബംഗാൾ മുഖ്യമന്ത്രിമാരായിരുന്ന ജ്യോതി ബസുവുമായും ബുദ്ധദേവ് ഭട്ടാചാര്യയുമായും ഗാംഗുലിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. അടുത്തിടെ കേരളത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി.