ന്യൂഡൽഹി
സോണിയയുടെ പിന്തുണയോടെയാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്ന് പറഞ്ഞിട്ടില്ലെന്ന അവകാശവാദവുമായി മല്ലികാർജുൻ ഖാർഗെ. ചൊവ്വാഴ്ച ഗുവാഹത്തിയിൽ വച്ചാണ് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥി താനാണെന്ന പ്രഖ്യാപനം ഖാർഗെ നടത്തിയത്. നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന സോണിയ കുടുംബത്തിന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞു. സോണിയ അതൃപ്തി അറിയിച്ചതോടെയാണ് ഖാര്‍ഗെയുടെ മലക്കംമറിച്ചില്‍.
പത്രികാ സമർപ്പണഘട്ടംമുതൽ ഔദ്യോഗിക സ്ഥാനാർഥിയെന്ന പരിവേഷം ഖാർഗെയ്ക്ക് ലഭിച്ചു. സോണിയയുടെ വിശ്വസ്തനായ എ കെ ആന്റണിയാണ് പത്രികയിൽ ആദ്യം ഒപ്പിട്ടത്. മറ്റെല്ലാ മുതിർന്ന നേതാക്കളും പത്രികയിൽ ഒപ്പുവച്ചു. ഖാർഗെ പ്രചാരണത്തിനായി സംസ്ഥാനങ്ങളിൽ ചെല്ലുമ്പോഴും ഹൈക്കമാൻഡിനെ ഭയന്ന് നേതാക്കളുടെ ഒഴുക്കാണ്. ഇവരെല്ലാം തരൂർ എത്തുമ്പോൾ മുഖം കൊടുക്കാറുമില്ല. തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ല നടക്കുന്നതെന്ന് ഒടുവിൽ തരൂരിന് തുറന്നുപറയേണ്ടി വന്നു.