ന്യൂഡൽഹി
ഐടി നിയമത്തിലെ 66എ വകുപ്പ് അനുസരിച്ച് രാജ്യത്തെ ഒരു പൗരനെയും വിചാരണ ചെയ്യരുതെന്ന് സുപ്രീംകോടതി. 2015ൽ ശ്രേയ സിംഗാൾ കേസിൽ 66 എ വകുപ്പ് സുപ്രീംകോടതി അസാധുവാക്കി. ഇപ്പോഴും ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നെന്ന ഹർജിയിലാണ് ഇടപെടല്‍. നിലവിലുള്ള കേസുകളിൽനിന്ന് 66 എ ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്കും ഡിജിപിമാർക്കും നിർദേശം നൽകി.
ഐടി നിയമത്തിന്റെ പ്രസിദ്ധീകൃത രൂപങ്ങളിൽ 66 എ വകുപ്പ് റദ്ദാക്കപ്പെട്ട വസ്തുത പ്രത്യേകം പരാമർശിക്കണം. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആണ് കോടതിയെ സമീപിച്ചത്. അപകീർത്തികരവും വിദ്വേഷകരവുമായ വിവരങ്ങൾ കൈമാറുന്നതും തെറ്റാണെന്ന് ബോധ്യമുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നതും ശത്രുതതയോ വിദ്വേഷമോ അപകീർത്തിയോ ഉണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങൾ കൈമാറുന്നതും മറ്റുമാണ് 66 എ വകുപ്പ് പ്രകാരം കുറ്റകരമാക്കിയിരുന്നത്. എന്നാൽ, ഈ വകുപ്പ് ഉപയോഗിച്ച് അഭിപ്രായസ്വാതന്ത്രം ഹനിക്കാനും വിമർശനങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളും ശക്തമായതോടെയാണ് സുപ്രീംകോടതി അത് അസാധുവാക്കിയത്.