തിരുവനന്തപുരം
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിന് താക്കീതായി സംസ്ഥാനത്ത് ലക്ഷങ്ങൾ പങ്കാളികളായി ഉജ്വലമാർച്ച്. തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കിയും പണി ഉപകരണങ്ങൾക്ക് നൽകിയിരുന്ന വാടക ഇല്ലാതാക്കിയും വലയ്ക്കുന്നതിനെതിരെ സ്ത്രീതൊഴിലാളികളുടെ മുന്നേറ്റവും പ്രതിഷേധത്തിൽ ദൃശ്യമായി.
എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തി മാത്രമേ പാടുള്ളൂവെന്ന നിബന്ധന പിൻവലിക്കുക, തൊഴിൽദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മറ്റു ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫീസിലേക്കായിരുന്നു മാർച്ച്.
രാജ്ഭവന് മുന്നിലെ യോഗത്തിൽ യൂണിയൻ ജില്ലാപ്രസിഡന്റ് ഷൈലജ ബീഗം അധ്യക്ഷയായി. സംസ്ഥാന ട്രഷറർ സി കെ ഹരീന്ദ്രൻ എംഎൽഎ, ജില്ലാസെക്രട്ടറി എസ് അജയകുമാർ, സംസ്ഥാനകമ്മിറ്റി അംഗം മടവൂർ അനിൽ, ജനറൽ സെക്രട്ടറി എസ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.