ന്യൂഡൽഹി
നടപ്പ് സാമ്പത്തികവർഷത്തെ ഇന്ത്യയുടെ സാമ്പത്തികവളർച്ചാ പ്രവചനം ഐഎംഎഫ് 6.8 ആയി വെട്ടിക്കുറച്ചു. രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. ഇക്കൊല്ലം രാജ്യം 8.2 ശതമാനം വളർച്ച നേടുമെന്ന് കഴിഞ്ഞ ജനുവരിയിൽ പ്രവചിച്ചിരുന്നു. 2021–-22ൽ ഇന്ത്യയുടെ വളർച്ച 8.7 ശതമാനമായിരുന്നു. ലോകം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും ഏറ്റവും മോശമായത് വരാനിരിക്കുന്നതേയുള്ളൂവെന്നും ഐഎംഎഫ് പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനരേഖയിൽ വ്യക്തമാക്കി.
ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യൻ സമ്പദ്ഘടനയിലുണ്ടായ ക്ഷീണവും ആഗോള പ്രതിസന്ധിയുമാണ് വളർച്ചയെ പിന്നോട്ടടിച്ചതെന്ന് ഐഎംഎഫ് വിശദീകരിക്കുന്നു. ആഗോള സാമ്പത്തികവളർച്ച നടപ്പുവർഷം 3.2 ശതമാനമായി കുറയും. അടുത്ത വർഷം 2.7 ശതമാനമാകും. നടപ്പ് വർഷം ആദ്യപകുതിയിൽ അമേരിക്കൻ സമ്പദ്ഘടന ചുരുങ്ങി. രണ്ടാം പകുതിയിൽ യൂറോപ്യൻ യൂണിയൻ സമ്പദ്ഘടന ചുരുങ്ങും. അടുത്തവർഷം ആഗോള സമ്പദ്ഘടനയുടെ മൂന്നിലൊന്ന് ഭാഗത്തും മാന്ദ്യം അനുഭവപ്പെടും. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവിടങ്ങളിൽ വളർച്ച മുരടിക്കുമെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു. ചൈനയിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതും റഷ്യ–-ഉക്രയ്ൻ സംഘർഷവും ആഗോളസമ്പദ്ഘടനയെ തളർത്തുന്നു. ഇക്കൊല്ലം റഷ്യൻ സമ്പദ്ഘടന 3.4 ശതമാനവും ഉക്രയ്ൻ സമ്പദ്ഘടന 35 ശതമാനവും ചുരുങ്ങും. ഊർജപ്രതിസന്ധികാരണം യൂറോപ്പിൽ ജീവിതച്ചെലവ് വർധിക്കുകയാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.