അബുദാബി
അമേരിക്കയുടെ കടുത്ത എതിർപ്പിനിടെ റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാൻ. അമേരിക്കൻ സമ്മർദത്തിന് തിരിച്ചടിയായി എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ റഷ്യയും യുഎഇയും തീരുമാനിച്ചതായി എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് സന്ദർശനം. എന്നാൽ, ഉക്രയ്ൻ യുദ്ധത്തിന് പരിഹാരം കാണാനുള്ള ചർച്ചകളാണ് പ്രധാനമായി നടക്കുകയെന്ന് യുഎഇ വിദേശമന്ത്രാലയം അറിയിച്ചു. യുഎഇയിൽ റഷ്യൻ സ്കൂളുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. 2019ൽ പുടിൻ അബുദാബി സന്ദർശിച്ചപ്പോഴാണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് ചർച്ച നടത്തിയത്.
അമേരിക്കയും യുഎഇയുമായി ദീർഘകാലമായി സൗഹൃദത്തിലായിരുന്നെങ്കിലും അടുത്തിടെയായി ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജൂലൈയിൽ ജിദ്ദയിലെത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.