ന്യൂഡൽഹി
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ മത്സരം കടുത്തതോടെ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയാണ് താനെന്ന പ്രഖ്യാപനവുമായി മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആവശ്യപ്പെട്ട പ്രകാരമാണ് മത്സരിക്കുന്നതെന്ന് ഗുവാഹത്തിയിൽ വടക്കുകിഴക്കൻ മേഖലയിലെ പിസിസി പ്രതിനിധികളോട് വോട്ടഭ്യർഥക്കുന്നതിനിടെ ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് നീതിപൂർവകമല്ലെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണ് ഖാർഗെയുടെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അവകാശവാദംകൂടിയാണ് ഖാർഗെയുടെ പരസ്യപ്രഖ്യാപനത്തോടെ പൊളിഞ്ഞത്. പാർടിയെ നയിക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്നാണ് ഖാർഗെ വോട്ടർമാരായ പ്രതിനിധികളോട് പറഞ്ഞത്.സോണിയ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി കോൺഗ്രസിനെ നയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മൂന്നു പേരുകൾ നിർദേശക്കാമെന്ന് സോണിയയോട് പറഞ്ഞു. പേരുകൾ നിർദേശിക്കേണ്ട ആവശ്യമില്ലെന്നും പാർടിയെ നയിക്കാൻ സോണിയ നിർദേശിക്കുകയുമായിരുന്നു– -ഖാർഗെ പറഞ്ഞു.
രഹസ്യബാലറ്റാണെന്ന്
പ്രഖ്യാപിക്കണം: തരൂർ
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രഹസ്യബാലറ്റാണെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് അതോറിറ്റി നടത്തണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. മുദ്രവച്ച ബാലറ്റ് ബോക്സുകൾ ഡൽഹിയിൽ എത്തിച്ചശേഷം സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും മുന്നിൽ വച്ചായിരിക്കും വോട്ടെണ്ണുകയെന്ന് അതോറിറ്റി അറിയിക്കണം. വോട്ടെണ്ണലിന് മുമ്പായി ബാലറ്റുകൾ കൂട്ടിക്കുഴയ്ക്കുമെന്നും വ്യക്തമാക്കണം–- തരൂർ പറഞ്ഞു.
ചില മുതിർന്ന നേതാക്കളെ ഭയന്ന് പലരും തനിക്ക് പരസ്യമായി പിന്തുണ നൽകുന്നില്ല. എന്നാൽ, ഇവരെല്ലാം രഹസ്യ ബാലറ്റിൽ വോട്ടുനൽകും. ചാരണപരിപാടികളിൽ എത്താതിരുന്ന നിരവധി പേർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. തന്റെ എതിരാളിയെ പിന്തുണയ്ക്കാനാണ് നേതാക്കൾ അവരോട് ആവശ്യപ്പെട്ടത്. പരസ്യമായി ഇത് ധിക്കരിക്കാൻ അവർക്ക് മടിയുണ്ട്, തരൂർ പറഞ്ഞു.