ന്യൂഡൽഹി
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായം സിങ് യാദവിന് ഉത്തർപ്രദേശ് ജനത കണ്ണീരോടെ വിടചൊല്ലി. ജന്മനാടായ സെയ്ഫായ് ഗ്രാമത്തിൽ ചൊവ്വാഴ്ച പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മകൻ അഖിലേഷ് യാദവ് ചിതയ്ക്ക് തീകൊളുത്തി. പ്രിയ നേതാവിന് വിടചൊല്ലാൻ പതിനായിരങ്ങൾ ഒഴുകിയെത്തി. സംസ്ഥാനത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് യുപി മുൻ മുഖ്യമന്ത്രി മുലായം അന്തരിച്ചത്. മൃതദേഹം എയർ ആംബുലൻസിൽ സെയ്ഫായിൽ എത്തിക്കുകയായിരുന്നു. സെയ്ഫായിലെ മേള ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു.
കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും മുതിർന്ന രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തി. കേന്ദ്ര സർക്കാരിനെ പ്രതിനിധാനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്ത് പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി സംസ്കാരചടങ്ങുകളിൽ പങ്കെടുത്തു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ടിഡിപി നേതാവും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, അമ്മ ജയ ബച്ചൻ, ബിജെപി നേതാവ് റിത ബഹുഗുണ ജോഷി തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.