ന്യൂഡൽഹി
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ പിന്‍ഗാമിയായി നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് യു യു ലളിത് കേന്ദ്രസർക്കാരിന് കൈമാറി. ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചാൽ സുപ്രീംകോടതിയുടെ 50–-ാമത് ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യും. നവംബർ എട്ടിന് യു യു ലളിത് വിരമിക്കും. 2024 നവംബർ 11ന് വിരമിക്കുന്ന ചന്ദ്രചൂഡിന് രണ്ട് വർഷം സേവനകാലയളവുണ്ടാകും.
സുപ്രീംകോടതിയുടെ 16–-ാമത് ചീഫ്ജസ്റ്റിസായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2016 മെയ് 13നാണ് സുപ്രീംകോടതി ജഡ്ജിയായത്. 2013 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ്ജസ്റ്റിസായിരുന്നു. 2000ത്തിൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 1998ൽ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായിരുന്നു. മക്കൾ: അഭിനവ് ചന്ദ്രചൂഡ്, ചിന്തൻ ചന്ദ്രചൂഡ്.