ഇലന്തൂർ
ആഭിചാരക്രിയയുടെ പേരിൽ ഇലന്തൂരിൽ കൊലപ്പെടുത്തിയ രണ്ടു സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ പ്രതി ഭഗവൽ സിങ്ങിന്റെ ഇലന്തൂരിലെ വീട്ടുവളപ്പിൽനിന്നാണ് കുഴിച്ചെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആദ്യം കണ്ടെടുത്തത്, തമിഴ്നാട് ചെന്നൈ സ്വദേശിനി പത്മ(52)യുടെ മൃതദേഹമാണ്. വെെകിട്ട് അഞ്ചരയോടെയാണ് എറണാകുളം കാലടി സ്വദേശി റോസിലി(51) യുടെ മൃതദേഹം കുഴിച്ചെടുത്തത്. മുഖ്യആസൂത്രകനെന്ന് കരുതുന്ന എറണാകുളം പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയുടെ മൊഴിയിൽനിന്നാണ് ഇലന്തൂരിലേക്ക് അന്വേഷണം നീണ്ടത്. ഇയാൾ കാണിച്ചുകൊടുത്ത സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്മയുടെ മൃതദേഹം 56 കഷണങ്ങളാക്കിയാണ് കുഴിച്ചുമൂടിയത്. റോസിലിന്റെ മൃതദേഹം അമ്പതോളം കഷണങ്ങളാക്കിയിരുന്നു. മേശയിൽ വരിഞ്ഞുമുറുക്കി ചുറ്റികകൊണ്ട് അടിച്ചാണ് ഇരുവരെയും കൊന്നത്. പിന്നീട് ശരീരം ചെറിയ കഷണങ്ങളാക്കി. പത്മ വർഷങ്ങളായി എറണാകുളത്താണ് താമസം. ലോട്ടറി കച്ചവടവും വീട്ടുജോലിയും മറ്റും ചെയ്താണ് ഇവർ കഴിഞ്ഞിരുന്നത്. അടുത്തകാലത്താണ് പത്മ സ്വർണചെയിൻ വാങ്ങിയത്. സ്വർണത്തിനുവേണ്ടി ആരോ തട്ടിക്കൊണ്ട് പോയതാകുമെന്നാണ് സംശയിച്ചതെന്ന് സഹോദരി പഴനിയമ്മ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സ്കോർപ്പിയോയിൽ പത്മ കയറുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ ഇലന്തൂരിൽ എത്തിച്ചത്. ഈ വാഹനം ഭഗവൽസിങ്ങിന്റെ വീടിന്റെ പരിസരത്ത് നിരവധി ദിവസം വന്നിരുന്നു.
കട്ടിലിൽ കെട്ടിയിട്ട്
കഴുത്തറുത്തു കൊന്നു
രണ്ട് സ്ത്രീകളെയും ഇലന്തൂരിൽ എത്തിച്ച ദിവസംതന്നെ കൊലപ്പെടുത്തി. കൈയും കാലും കെട്ടിയിട്ട്, മാറിടം മുറിച്ച് ചോര വാർന്നശേഷം കഴുത്തറുത്തുകൊന്നുവെന്നാണ് ഷാഫിയുടെ മൊഴി. ഇരുവരുടെയും ശരീരത്തിൽനിന്ന് വാർന്ന രക്തം വീട് മുഴുവൻ തളിച്ചു. രാത്രി മുഴുവൻ നീണ്ട പൂജയ്ക്കുശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു.
പൂജയുടെ ഭാഗമായി ഭഗവൽസിങ്ങിന്റെ ഭാര്യ ലൈലയുമായി ഷാഫി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. പൂജയ്ക്ക് കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയ്യാറാണെന്ന് ഭഗവൽസിങ് പറഞ്ഞതോടെ, മനുഷ്യനെ ബലി നൽകണമെന്നായിരുന്നു ഷാഫിയുടെ നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം ഷാഫിയെത്തന്നെ ഏൽപ്പിച്ചു.
റോസിലിയെ ബലി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി അടുത്ത സ്ത്രീയെയും ബലി നൽകാൻ ഭഗവൽസിങ്ങിനെ പ്രേരിപ്പിച്ചത്. ഒരു പൂജകൂടി വേണ്ടിവരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞുനിൽക്കുകയാണെന്നും പറഞ്ഞു. വൻതുകയും ഷാഫി കൈപ്പറ്റി. ഇതിനുവേണ്ടിയാണ് പത്മത്തെ ഷാഫി വലയിലാക്കിയത്.
മുഖ്യ ആസൂത്രകൻ ഷാഫി
ആഭിചാരക്കൊലയിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി എന്ന റഷീദ്. പെരുമ്പാവൂർ സ്വദേശിയായ ഇയാൾ അവിടം വിട്ടിട്ട് 10 വർഷത്തിലേറെയായി. ഒന്നരവർഷമായി കുടുംബസമേതം എറണാകുളം ഗാന്ധിനഗറിലാണ് താമസം. ഫെയ്സ്ബുക്കിൽ “ശ്രീദേവി’ എന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ഭഗവൽസിങ്ങുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഭഗവൽസിങ്ങും ഭാര്യ ലൈലയുമായി ബന്ധമുണ്ടാക്കി അവരുടെ താൽപ്പര്യങ്ങൾ മനസിലാക്കി. പെരുമ്പാവൂരിൽ സിദ്ധനുണ്ടെന്നും റഷീദ് എന്നാണ് പേരെന്നും പറഞ്ഞു. റഷീദിലൂടെ കുടുംബത്തിന് സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും അത്തരത്തിൽ നേട്ടമുണ്ടാക്കിയയാളാണ് താനെന്നും വിശ്വസിപ്പിച്ചു. ശ്രീദേവി ഷാഫിയാണെന്ന് ഭഗവൽസിങ് അറിഞ്ഞിരുന്നില്ല. ശ്രീദേവി എന്ന അക്കൗണ്ടിലൂടെ റഷീദ് എന്ന പേരിൽ ഷാഫി സ്വന്തം ഫോൺനമ്പർ ഭഗവൽസിങ്ങിന് നൽകി.
പിന്നീട് കൂടിക്കാഴ്ച നടത്തി. സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി നടത്തണമെന്ന് നിർദേശിച്ചു. രണ്ട് സ്ത്രീകളെ ഭഗവൽസിങ്ങിന്റെ അടുത്ത് എത്തിച്ചതും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതും ഷാഫിയാണെന്നാണ് പ്രാഥമിക വിവരം. അതുവഴി ലക്ഷങ്ങളും സമ്പാദിച്ചു. സിനിമയിലഭിനയിച്ചാൽ പത്തുലക്ഷം രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഷാഫി പത്മയേയും റോസിലിയെയും ഇലന്തൂരിലെത്തിച്ചത്. ഇതേ വാഗ്ദാനംനൽകി കൂലിവേല ചെയ്ത് ജീവിക്കുന്ന കൊച്ചിയിലെ മറ്റു പല സ്ത്രീകളെയും ഷാഫി സമീപിച്ചിരുന്നു. കടുത്ത മദ്യപാനിയും മയക്കുമരുന്ന് ഇടപാടുകാരനുമാണ് ഷാഫി എന്ന് അവരിൽ ചിലർ ‘ദേശാഭിമാനി’യോട് പ്രതികരിച്ചു. കൊല്ലപ്പെട്ട പത്മത്തിന് ഇയാൾ പണം നൽകിയിരുന്നതായാണ് സൂചന. പത്മ താമസിച്ചിരുന്ന എളംകുളം ഫാത്തിമ ചർച്ച് റോഡിലെ ഒറ്റമുറി വീട്ടിൽ പരിശോധന നടത്തിയ പൊലീസ് 45,000 രൂപയോളം കണ്ടെത്തി.
കാലടി മറ്റൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന റോസിലിയെ വലയിലാക്കിയത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. മദ്യപിച്ചെത്തി നാട്ടുകാരുമായി സ്ഥിരം വഴക്കുണ്ടാക്കുന്ന ഷാഫി അടുത്തകാലത്ത് വാഹനങ്ങളും മറ്റു സൗകര്യങ്ങളും സമ്പാദിച്ചതായി ഗാന്ധിനഗറിലെ അയൽക്കാർ പറഞ്ഞു. നേരത്തേ കളമശേരിയിലെ ഒരു കൊലക്കേസിലും പ്രതിയായിട്ടുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പന നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
പഴുതടച്ച അന്വേഷണം
പ്രതികളെ കുടുക്കി
ആഭിചാര കൊലക്കേസിൽ പ്രതികളെ പെട്ടെന്ന് കുടുക്കാൻ കഴിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ. എറണാകുളം സൗത്തിലും ഷേണായീസ് ജങ്ഷനിലും ലോട്ടറിവിൽപ്പന നടത്തിയിരുന്ന പത്മത്തെ കാണാതായതായി പരാതി ലഭിച്ചയുടൻ ഇവരുമായി ബന്ധം ഉണ്ടായിരുന്നവരെപ്പറ്റി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺവിളികളുടെ വിശദാംശങ്ങളും പരിശോധിച്ചു.
പ്രതി മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
ഇതിനിടെയാണ് കാലടിയിലും സമാന സാഹചര്യത്തിൽ റോസിലി എന്ന സ്ത്രീയെ കാണാതായതായ പരാതി ലഭിച്ചതറിഞ്ഞത്. ഈ പരാതിയും അന്വേഷണവുമായി കൂട്ടിയിണക്കി. തുടരന്വേഷണത്തിൽ കാണാതായ രണ്ടു സ്ത്രീകളുടെയും മൊബൈൽ ഫോണുകൾ പത്തനംതിട്ട ഇലന്തൂരിൽ ഓഫായെന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മുഹമ്മദ് ഷാഫിയിലേക്കും ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിച്ചത്.
മുഹമ്മദ് ഷാഫിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും ഇയാൾ വ്യാജമായി ഉണ്ടാക്കിയ അക്കൗണ്ടുകളും പരിശോധിച്ചു. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ആഭിചാരക്കൊലയുടെ ചുരുളഴിഞ്ഞു. കാണാതായ സ്ത്രീകളെ അറിയില്ലെന്നായിരുന്നു ഷാഫി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഫോൺവിളി വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കാണിച്ചതോടെ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. തുടർന്ന് പൊലീസിനോട് എല്ലാം വെളിപ്പെടുത്തി. സ്ത്രീകളെ കൊണ്ടുപോകാൻ ഷാഫി ഉപയോഗിച്ച ഷിബു എന്നയാളുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സ്കോർപ്പിയോയും പൊലീസ് പിടിച്ചു. ഇതിന്റെ രജിസ്ട്രേഷൻ കാലാവധി സെപ്തംബറിൽ കഴിഞ്ഞതാണ്. ഇതേപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക്
മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയശേഷമേ കൊലപാതകം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകൂ. ഭഗവൽസിങ്ങും ഭാര്യ ലൈലയും ഷാഫിക്ക് വൻതുക കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്. മൂന്നുപേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും കമീഷണർ പറഞ്ഞു.