തിരുവനന്തപുരം
വഞ്ചിയൂർ കോടതിയിൽ ആലുവ സ്വദേശിനിയായ അധ്യാപിക നൽകിയ മൊഴിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ. ഏഴിടത്തുവച്ച് പീഡിപ്പിച്ചെന്നും പൊലീസിൽ നൽകിയ മൊഴി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം നൽകിയെന്നുമാണ് മൊഴി. തട്ടിക്കൊണ്ടുപോയതിനും മർദിച്ചതിനുമുള്ള കേസുകൾക്കൊപ്പം ഈ മൊഴിയുടെ അടിസ്ഥാനത്തിലും എംഎൽഎയ്ക്കെതിരെ കേസ് വരും. സ്വകാര്യ സ്കൂളിലെ അധ്യാപികയായ താനുമായി സൗഹൃദത്തിലായശേഷം എംഎൽഎ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി മദ്യപിച്ചശേഷം മർദിച്ചു. തന്റെ സ്വാധീനമുപയോഗിച്ച് ഹണിട്രാപ് കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
മദ്യപിച്ച് വീട്ടിലെത്തിയ എംഎൽഎ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ചു. ഇവിടെവച്ചാണ് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. വെള്ള പേപ്പറിൽ ഒപ്പിട്ട് നൽകാനും നിർബന്ധിച്ചു. ഇതിന് തയ്യാറാകാത്തതോടെ വീണ്ടും മർദിച്ചു. ഒപ്പമുണ്ടായിരുന്നവർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഭീഷണി ഭയന്നാണ് താൻ തമിഴ്നാട്ടിലേക്ക് ഒളിച്ച് പോയതെന്നും യുവതി മൊഴിയിൽ പറയുന്നു.
തന്റെ പരാതിയിൽ കോവളം ഇൻസ്പെക്ടർ വിളിച്ചുവരുത്തിയെങ്കിലും മൊഴി രേഖപ്പെടുത്തി കേസെടുക്കാൻ തയ്യാറായില്ലെന്നും നേരിട്ട് പരാതി പിൻവലിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചതായും മൊഴിയിലുണ്ട്.
യുവതിയെ മർദിച്ചതിന് നാട്ടുകാരും സാക്ഷി
എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുവതിയെ കാറിൽ മർദിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ. 14ന് രാത്രി പതിനൊന്നോടെ കോവളത്താണ് സംഭവം. കാറിലെത്തിയ എംഎൽഎ യുവതിയെ മർദിക്കുന്നത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയതോടെ താൻ എംഎൽഎയാണെന്നും ഒപ്പമുള്ളത് ഭാര്യയാണെന്നും കുന്നപ്പിള്ളി പറഞ്ഞു. തമ്മിൽ നിസ്സാരമായ സൗന്ദര്യപ്പിണക്കം മാത്രമേയുള്ളൂവെന്ന് പൊലീസിനോട് എംഎൽഎ നുണ പറഞ്ഞു. അത് വിശ്വസിച്ച് പൊലീസ് തിരികെപോയി. ഇരുപത്തെട്ടിനാണ് എംഎൽഎക്കെതിരെ യുവതി സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഇത് കോവളം പൊലീസിന് കൈമാറുകയായിരുന്നു. ഒന്നിന് മൊഴി നൽകാൻ എത്തുമെന്ന് യുവതി അറിയിച്ചിരുന്നു. ഈ സമയം എംഎൽഎയെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. എട്ടിന് കുന്നപ്പിള്ളി അന്വേഷണ ഉദ്യോഗസ്ഥനായ കോവളം ഇൻസ്പെക്ടർ ജി പ്രൈജുവിനെ വിളിച്ച് ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ ചൊവ്വാഴ്ച യുവതി കോവളം പൊലീസിൽ എംഎൽഎക്കെതിരെ മൊഴി നൽകിയതോടെ ‘സൗന്ദര്യ പിണക്കം’ കഥ പൊളിയുകയായിരുന്നു. ഇതോടെ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു.