ദുബായ്> ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന മലയാളം ചാപ്റ്ററുകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് ദുബായ് മലയാളം മിഷൻ ചാപ്റ്റർ എന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട. ഒക്ടോബർ ഒമ്പത് ഞായർ ഉച്ചയ്ക്ക് രണ്ടു മുതൽ ഖിസൈസിലെ ക്രെസെന്റ് സ്കൂളിൽ വച്ചു നടന്ന മലയാളം മിഷൻ ദുബായ് ചാപ്റ്റർ സംഘടിപ്പിച്ച “കാട്ടാക്കട മാഷും കുട്ട്യോളും” എന്ന പരിപാടിയിൽ പങ്കെടുത്ത് സംവദിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ആർജ്ജിച്ചിരിക്കുന്ന മികവിന് തുടർച്ച നൽകിക്കൊണ്ട് പ്രവാസ ലോകത്തെ മലയാളം മിഷൻ ചാപ്റ്ററുകൾക്കിടയിൽ സമ്പൂർണ്ണ മലയാള സാക്ഷരത നേടുന്ന ആദ്യത്തെ ചാപ്റ്ററായി ‘ദുബായ് ചാപ്റ്റർ’ മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അക്ഷര മാതൃകകൾ ഉയർത്തിപ്പിടിച്ച് ഘോഷയാത്രയായാണ് കുട്ടികളും സദസ്സും ഡയറക്റരടക്കമുള്ള അതിഥികളെ സ്വീകരിച്ച് വേദിയിലേക്കാനയിച്ചത്. മലയാളം മിഷൻ ദുബായ് ചാപ്റ്ററിലെ 500 ഓളം കുട്ടികളും രക്ഷിതാക്കളും 120 ഓളം അധ്യാപകരും, മാധ്യമ പ്രവർത്തകരും പ്രവാസി മലയാളി സമൂഹവുമടക്കം 800 പേർ പങ്കെടുത്ത പരിപാടി ദുബായ് മലയാളി സാമൂഹ്യ സാംസ്കാരിക രംഗത്തും പൊതു സമൂഹത്തിലും ഒരുപോലെ ശ്രദ്ധേയമായ ഒന്നായി മാറി.
കുട്ടികളുടെ കലാ പരിപാടികൾ, കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം, കാവ്യാലാപനം- സംഗീത ശില്പം, അധ്യാപകരെ ആദരിക്കൽ, ഓണമത്സരങ്ങളുടെ സമ്മാനദാനം, വനിതാ ശിങ്കാരിമേളം എന്നിവയും പരിപാടിയ്ക്ക് മാറ്റു കൂട്ടി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ജോ. സെക്രട്ടറി അംബുജം സതീഷ്, ഏക്സ്ക്യൂട്ടീവ് അംഗം സുഭാഷ് ദാസ് എന്നിവർ അവതാരകരായ ചടങ്ങിൽ, സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷയായി. രക്ഷിതാക്കളായി കടന്നുവന്ന്, അധ്യാപകരായും, പ്രവർത്തകരായും സംഘാടകരായും മാറിയ കൂട്ടായ്മയിലെ, ഓരോരുത്തരുടെയും നിസ്വാർത്ഥമായ അത്യധ്വാനത്തിന്റെ ഫലപ്രാപ്തിയാണ് പരിപാടിയെ വിജയത്തിലേക്ക് എത്തിച്ചതെന്ന് അധ്യക്ഷ ചൂണ്ടിക്കാട്ടി.
ലോക ലോകകേരളസഭാംഗവും സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞുമുഹമ്മദ്, ചെയർമാൻ ദിലീപ് സിഎൻ എൻ, വിദഗ്ദ്ധ സമിതി ചെയർമാൻ കിഷോർ ബാബു, യു എ ഇ കോർഡിനേഷൻ സമിതിയംഗം അഡ്വ. നജീദ്, റിയാസ് ചേലേരി , ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് , യുവകലാ സാഹിത്യ സെക്രട്ടറി റോയ് നെല്ലിക്കോട് ,സ്വാഗത സംഘം വൈസ് ചെയർമാൻമാരിൽ ഒരാളായ നാം ഹരിഹരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ സന്തോഷ് മാടാരി നന്ദി രേഖപ്പെടുത്തി.
ദുബായ് ചാപ്റ്ററിലെ അധ്യാപകരുമായി സംവദിച്ചുകൊണ്ട് രാവിലെ .. മണിമുതൽ നടന്ന അധ്യാപക കൂട്ടായ്മയിൽ മിഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച അധ്യാപകരുടെ കാഴ്ചപ്പാടുകൾ ഡയറക്ടർ വിലയിരുത്തി. അധ്യാപകർ മുന്നോട്ടുവച്ച ആശയങ്ങൾ പരിഗണിച്ച് വേണ്ട മാറ്റങ്ങൾ നടപ്പാക്കുമെന്നും ഡയറക്ടർ അറിയിച്ചു. ദുബായ് ചാപ്റ്ററിലെ പരിശീലകരായ സിജി ഗോപിനാഥ്, സുനിൽ, സർഗ, ഷൈന എന്നിവർ നയിക്കുന്ന സംഘത്തെ ആഗോളതല ഓൺലൈൻ പരിശീലക സംഘത്തിന്റെ ഭാഗമായി തെരെഞ്ഞെടുക്കുന്നുവെന്നും ഡയറക്റ്റർ വേദിയിൽ പ്രഖ്യാപിച്ചു. അദ്ധ്യാപിക എൻസി ബിജു സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിൽ ചാപ്റ്റർ കൺവീനർ ഫിറോസിയ അധ്യക്ഷയായി. മുൻകൺവീനർ പി ശ്രീകല ആശംസയും ജോയിന്റ് കൺവീനർ റിംന അമീർ നന്ദിയും അറിയിച്ചു.