ഓസ്ട്രേലിയയില്‍ തൊഴിലാളി ദൗര്‍ലഭ്യമുള്ള മേഖലകള്‍ ഇരട്ടിയായി. നാഷണൽ സ്കിൽ കമ്മീഷനാണ് 2022ലെ സ്കിൽ പ്രയോറിറ്റി പട്ടിക പുറത്തിറക്കിയത്.
ഓസ്ട്രേലിയയിൽ തൊഴിലാളി ക്ഷാമം നേരിടുന്ന തൊഴിലുകൾ തിരിച്ചറിയുകയും, ഭാവിയിലുണ്ടാകാനിടയുള്ള ആവശ്യകത വിലയിരുത്തുകയുമാണ് പട്ടികയുടെ ലക്ഷ്യം.
ഉയർന്ന ഡിമാൻഡുള്ള തൊഴിൽ മേഖലകളിൽ മുന്നിൽ നിൽക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളാണെന്ന് നാഷണൽ സ്കിൽ കമ്മീഷൻറെ റിപ്പോർട്ടിൽ പറയുന്നു.
ദന്തഡോക്ടർമാർ, ശിശുരോഗ വിദഗ്ധർ, ശസ്ത്രക്രിയാ വിദഗ്ധർ, സ്പെഷ്യലൈസ്ഡ് നഴ്സുമാർ, തീവ്രപരിചരണ – എമർജൻസി മെഡിസിൻ വിദഗ്ധർ തുടങ്ങിയവരെയാണ് ആരോഗ്യ മേഖലയിൽ കൂടുതലായി ആവശ്യം.
വിദ്യാഭ്യാസ മേഖലയിൽ പ്രൈമറി-സെക്കണ്ടറി അധ്യാപകരും, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കായുള്ള അധ്യാപകരും ഇടം പിടിച്ചു.
ഓസ്ട്രേലിയിൽ നിലവിൽ തൊഴിലാളികളെ ആവശ്യമുള്ളതും, വരും വർഷങ്ങളിൽ ഡിമാൻഡ് ഉയരുന്നതുമായ മേഖലകളുടെ പട്ടികയിൽ IT, നിർമ്മാണ മേഖലകളും ഇടം പിടിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിലവിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള അഞ്ച് തൊഴിൽ വിഭാഗങ്ങൾ താഴെ പറയുന്നവയാണ്.
- രജിസ്റ്റേർഡ് നഴ്സുമാർ
- സോഫ്റ്റ്വെയർ – ആപ്ലിക്കേഷൻ പ്രോഗ്രാമർമാർ
- ഏജഡ്- ഡിസേബിൾഡ് കെയർ ജീവനക്കാർ
- ചൈൽഡ് കെയർ ജീവനക്കാർ
- കൺസ്ട്രക്ഷൻ മാനേജർമാർ
ജോബ് വേക്കൻസി ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക കണ്ടെത്തിയിരിക്കുന്നത്.
ടെക്നീഷ്യൻസ്, ട്രേഡ് തൊഴിലാളികൾ, ഇലക്ട്രീഷ്യൻസ്, ആശാരിമാർ, ഷെഫ്, മെക്കാനിക്കുകൾ, മെഷിനറി ഓപ്പറേറ്റർമാർ, ഡ്രൈവർമാർ തുടങ്ങിയവയാണ് മറ്റ് തൊഴിൽ വിഭാഗങ്ങൾ.
മുൻ വർഷത്തെ അപേക്ഷിച്ച് തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ എണ്ണം ഇരട്ടിയോളം വർദ്ധിച്ചതായും നാഷണൽ സ്കിൽ കമ്മീഷൻറെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021 ൽ തൊഴിലാളികളുടെ ദൗർലഭ്യം നേരിടുന്ന മേഖലകളുടെ എണ്ണം 153 ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളുടെ എണ്ണം 286 ലേക്ക് ഉയർന്നു.
തൊഴിൽ പരസ്യങ്ങളുടെ എണ്ണത്തിൽ 42% വർദ്ധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 2022 ഓഗസ്റ്റിൽ പരസ്യം ചെയ്ത ജോലികളുടെ എണ്ണം 309,900 ആയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കടപ്പാട്: SBS മലയാളം
മെൽബൺ ഇന്ദ്രോത്സവം – OCTOBER 29 – ന്
Melbourne Indrolsavam Indrolsavam Melbourne
Secure your seats on 29th October @ Greensborough
https://www.trybooking.com/CCSXW