മനാമ > ബഹറൈന് കേരളീയ സമാജത്തിന്റെ പ്രഥമ ആരോഗ്യ മിത്രം പുരസ്കാരം ഡോ.വിപി ഗംഗാധരന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും മെമന്റോയും പ്രശസ്തബി പത്രവുമടങ്ങുന്ന പുരസ്കാരം ചൊവ്വാഴ്ച സമാജത്തില് നടക്കുന്ന ചടങ്ങില് സമ്മാനിക്കും. തുടര്ന്ന് ബികെഎസ് കാന്സര് അസിസ്റ്റന്റ് ഫോറത്തിന്റെ ഉദഘാടനവും ഡോ.വിപി ഗംഗാധരന് നിര്വ്വഹിക്കും. അഞ്ചിന് പുലര്ച്ചെ അഞ്ചു മുതല് ഡോ. വിപി ഗംഗാധരന്റെ നേതൃത്വത്തില് കുരുന്നുകളെ എഴുത്തിനിരുത്തല് ചടങ്ങ് നടക്കും.
ആരോഗ്യമേഖലയില് മികവ് തെളിയിക്കുകയും മനുഷ്യത്വപരമായ മൂല്യങ്ങള് ഉയര്ത്തി പിടിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവര്ത്തകര്ക്കായാണ് പുരസ്കാരം നല്കുകയെന്ന് കേരളീയ സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്ണപിള്ളയും ജനറല് സെക്രട്ടറി വര്ഗ്ഗീസ് കാരക്കലും ഇന്ന് 03 ഒക്ടോബറില് സമാജത്തില് വച്ച് നടത്തിയ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ഡോ: വി. പി.ഗംഗാധരനെയും ഡോ: ചിത്രതാരയെയും കാണാന് കാന്സര് രോഗികള്ക്ക് അവസരം ഒരുക്കും. മെന്നു സമാജം ഭരണസമിതി അറിയിച്ചു. ചൊവ്വ, ബുധന് ദിവസങ്ങളില് മുന്കൂട്ടി രജിസ്റ്റര് ചെയ്യുന്നവര്ക്ക് അനുവദിക്കുന്ന സമയത്ത് മെഡിക്കല് റിപ്പോര്ട്ട് സഹിതം ബഹ്റൈന് കേരളീയ സമാജം രവി പിള്ള ഹാളില് എത്താം. രജിസ്ട്രേഷനായി പിവി രാധാകൃഷ്ണ പിള്ള (39691590), വര്ഗ്ഗീസ് കാരക്കല് (39617620 ), വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് (39449287) ചാരിറ്റി കമ്മിറ്റി കണ്വീനര് കെ ടി സലിം (33750999) എന്നിവരെയോ സമാജം ഓഫീസുമായോ 17251878 ബന്ധപ്പെടാം.
അന്താരാഷ്ട്ര തലത്തില് പ്രശസ്തനായ കാന്സര് ചികിത്സകനാണ് ഡോ. വിപി ഗംഗാധരന്. കേരളത്തിലെ ആദ്യത്തെ മെഡിക്കല് ഓങ്കോളജി വിഭാഗം ആര്സിസിയില് പ്രവര്ത്തനം ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കേരളത്തില് ആദ്യമായി രക്തകോശ സെല് മാറ്റിവയ്ക്കല് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയതും ഡോക്ടര് ഗംഗാധരനാണ്. കൂടാതെ, സ്വകാര്യ സര്ക്കാര് മേഖലകളില് ആദ്യത്തെ സ്റ്റെംസെല് ട്രാന്സ്പ്ലാന്റേഷന് യൂണിറ്റ് ആരംഭിച്ചു. കേരളത്തില് ആദ്യമായി മൊബൈല് തെര്മോ മാമോഗ്രാം യൂണിറ്റ്, മൊബൈല് റേഡിയോ മാമോഗ്രാം യൂണിറ്റ്, അള്ട്രാ സോണോഗ്രഫി യൂണിറ്റ് എന്നിവ തുടങ്ങി. കാന്സര് രോഗികള്ക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായം നല്കുന്ന കൊച്ചിന് കാന്സര് സൊസൈറ്റിയുടെ സ്ഥാപകനാണ്. നിര്ധനരായ രോഗികള്ക്ക് സൗജന്യ താമസ, ഭക്ഷണ, ചികിത്സാ സൗകര്യങ്ങള് സൊസൈറ്റി നല്കുന്നു.
തൃശൂര് മെഡിക്കല് കോളജിലെ റേഡിയോതെറപ്പി ആന്ഡ് മെഡിക്കല് ഓങ്കോളജി വിഭാഗത്തില് ട്യൂട്ടറായി കരിയര് ആരംഭിച്ച ഡോ. ഗംഗാധരന് 1989ല് തിരുവനന്തപുരം ആര്സിസിയില് മെഡിക്കല് ഓങ്കോളജി വിഭാഗത്തില് അസിസ്റ്റന്റ് പ്രൊഫസറും ഡിപ്പാര്ട്ട്മെന്റ് തലവനുമായിരുന്നു. നാഷണല് കാന്സര് ഇന്സ്റ്റിറ്റിയൂട്ടിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഫെലോഷിപ്പോടെ 1995ല് യുഎസ്എയിലും 1997ല് യുകെയിലും ബോണ് മാരോ ട്രാന്സ്പ്ലാന്റേഷന് ട്രെയിനിംഗ് പ്രോഗ്രാമില് പങ്കെടുത്തു. വിവിധ മാധ്യമങ്ങളിലൂടെയും ക്ലാസുകളിലൂടെയും കാന്സര് ബോധവല്ക്കരണം നടത്താറുള്ള ഡോ. ഗംഗാധരന്, ദേശീയ അന്തര്ദേശീയ ജേര്ണലുകളില് നാല്പ്പതിലധികം ലേഖനങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് മെഡിക്കല് ടെക്സ്റ്റ് ബുക്കുകളില് അദ്ദേഹം തയ്യാറാക്കിയ പാഠഭാഗങ്ങള് ഉണ്ട്. കാന്സര് ചികിത്സാ രംഗത്ത് നല്കിയ ശ്രദ്ധേയമായ സംഭാവനകള് മുന്നിര്ത്തി സംസ്ഥാന, ദേശീയ, അന്തര്ദേശീയ തലത്തില് 60ലധികം അവാര്ഡുകള് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.