കുവൈറ്റ് സിറ്റി> ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ കുവൈറ്റ് ആതിഥ്യമരുളുന്ന കുവൈത്ത് ബാഡ്മിന്റൺ ചലഞ്ച് 2022 ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 6 മുതൽ 8 വരെ നടക്കും. വേൾഡ് റാങ്കിൽ 100 ൽ താഴെയുള്ള അന്താരാഷ്ട്ര ബാഡ്മിന്റൺ കളിക്കാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ഐബാക് ചെയർമാൻ ഡോ. മണിമാരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് തയ്യാറാക്കിയ ഐബാക് കോർട്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. 6000 കുവൈത്ത് ദിനാർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.കളിക്കാരുടെ പങ്കാളിത്തത്തിൽ ഇന്ത്യയാണ് മുന്നിൽ. സൗദി, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യുഎഇ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള കളിക്കാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
പുരുഷ, വനിത സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡണ്ട് അനീഷ് മാത്യൂ, ജനറൽസെക്രട്ടറി അജയകുമാർ വാസുദേവൻ, ഐബാക് ഭാരവാഹികൾ എന്നീവർ പങ്കെടുത്തു.