റിയാദ്> പ്രസിദ്ധമായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. 32 രാജ്യങ്ങളിൽ നിന്നായി 1200ലേറെ പ്രസാധകർ മേളയിൽ പങ്കെടുക്കുന്നു. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ലിറ്ററേച്ചർ, പബ്ലിഷിംഗ്, ആന്റ് ട്രാൻസ്ലേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന പുസ്തക മേളയിൽ തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം.
പുസ്തകമേള ഒക്ടോബർ എട്ട് വരെ നീണ്ടുനിൽക്കും. അറബി, ഇംഗ്ലീഷ് ഭാഷകൾക്കു പുറമേ പ്രാദേശിക ഭാഷകളിലുൾപ്പെടെയുള്ള പ്രസാധകർ മേളയിൽ പങ്കെടുക്കും. കല, സാഹിത്യം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ മേളയിലെത്തും. കുട്ടികൾകായുള്ള പ്രത്യേക വിഭാഗവും മേളയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തടെയുള്ള വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.
മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായി, പുസ്തകങ്ങളുടെയും കൈയെഴുത്തു പ്രതികളുടെയും ഫോട്ടോഗ്രാഫുകളുടെയും അപൂർവ രൂപങ്ങളുടെയും പ്രത്യേക ശേഖരവും മേളയിൽ പ്രദർശിപ്പിക്കുന്നു. എലിസബത്ത് രാജ്ഞിയെ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു അപൂർവ ആൽബവും പ്രദർശിപ്പിക്കുന്നു.
നൂതനമായ സാംസ്കാരിക പരിപാടിയോട് പ്രതികരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും രാജ്യത്തിലെ കലാരംഗത്തെ സജീവത ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നെന്നും സോത്ത്ബൈസ് മിഡിൽ ഈസ്റ്റ് ആൻഡ് ഇന്ത്യ ചെയർമാൻ എഡ്വേർഡ് ഗിബ്സ് പറഞ്ഞു.
സൗദി അറേബ്യയുടെ സംസ്കാരവും കലയും സാഹിത്യവും ലോകത്തിന് പരിചയപ്പെടുത്തുന്ന വിവിധ വിഭാഗങ്ങളും പ്രത്യേകമായി മേളയിൽ ഒരുക്കിയിട്ടുണ്ട്. അതിഥി രാജ്യമായ തുനീഷ്യയുടെ ഭാഷയും എഴുത്തും സംസ്കാരവും പരിചയപ്പെടുത്തുന്ന വിവിധ പ്രദർശനങ്ങളും ചർച്ചകളും പ്രത്യേകമായി സംവിധാനിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള എഴുത്തുകാർ, കവികൾ, ചിന്തകർ, കലാകാരൻമാർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ പരിപാടികളും അരങ്ങേറും.