ന്യൂഡൽഹി
ജോഡോ യാത്രയെന്നാല് ഒന്നിപ്പിക്കാനുള്ള യാത്രയെന്നര്ത്ഥം. പ്രതിസന്ധികാലത്ത് ഒറ്റക്കെട്ടാണെന്ന പ്രതീതിപോലും സൃഷ്ടിക്കാനാകാതെ ഭാരത് ജോഡോ യാത്രയുടെ സന്ദേശം കോൺഗ്രസ് നേതാക്കള് തന്നെ തല്ലിക്കെടുത്തി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില് സോണിയകുടുംബത്തിന്റെ സ്ഥാനാർഥിയായി നിശ്ചയിച്ച രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഒറ്റനാൾകൊണ്ട് അനഭിമതനായി. രാജസ്ഥാന് എംഎൽഎമാരുടെ കലാപത്തിനു പിന്നിൽ ഗെലോട്ടാണെന്ന് ഹൈക്കമാൻഡ് നിരീക്ഷകർ തുറന്നടിച്ചു. കോൺഗ്രസ് നേതാക്കളെ ഒന്നിച്ചുനിർത്താൻ കഴിയാത്ത നേതൃത്വം രാജ്യത്തെ ഒന്നിപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
‘പാവ അധ്യക്ഷ’നാകുന്നതിനേക്കാള് അഭികാമ്യം രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുന്നതാണെന്നാണ് ഗെലോട്ടിന്റെ ആദ്യംമുതലുള്ള നിലപാട്. കടുത്ത സമ്മർദം ഉണ്ടായപ്പോൾ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ സമ്മതം മൂളിയെങ്കിലും രാജസ്ഥാനിലെ തട്ടകം സംരക്ഷിക്കാൻ ഗെലോട്ട് ആസൂത്രണംചെയ്ത പദ്ധതി ദേശീയതലത്തിൽ കോൺഗ്രസ് നാണക്കേടായി.
കോൺഗ്രസ് മുഖ്യമന്ത്രിമാർ രണ്ട് സംസ്ഥാനത്ത് മാത്രമായി ചുരുങ്ങിയിട്ടും ഹൈക്കമാൻഡ് ഭൂതകാലത്തിന്റെ തടവറയിൽ തന്നെ. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ ഗെലോട്ടിന് അധ്യക്ഷനാക്കാന് നിശ്ചയിച്ചത് എപ്പോൾ വേണമെങ്കിലും അത് തിരിച്ചെടുക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന അധ്യക്ഷന് വരുന്നത് സോണിയ കുടുംബഭക്തരായ നേതാക്കള്ക്ക് ഇഷ്ടമുള്ള കാര്യമല്ല.
ജോഡോ യാത്രയുടെ ആദ്യനാളുകളിൽ ഗോവയിൽ പ്രതിപക്ഷനേതാവടക്കം എട്ട് എംഎൽഎമാർ ബിജെപിയിൽ ചേക്കേറി. പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർസിങ് ബിജെപിയിൽ ചേർന്നു. നവ്ജ്യോത്സിങ് സിദ്ദുവിന്റെ സമ്മർദ്ദത്തിന് രാഹുലും പ്രിയങ്കയും വഴങ്ങിക്കൊടുത്തതാണ് പഞ്ചാബിൽ കോൺഗ്രസിനെ തകര്ത്തത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അമരീന്ദർസിങ്ങിനെ മാറ്റി ചരൺജിത്സിങ് ചന്നിയെ പ്രതിഷ്ഠിച്ചത് വന് തിരിച്ചടിയായി. ജനപിന്തുണയുള്ള നേതാക്കളെ നേരിടാൻ ദുർബല നേതാക്കൾക്ക് പ്രോത്സാഹനം നൽകുന്നത് കാലങ്ങളായി ഹൈക്കമാൻഡ് പിന്തുടരുന്ന സമീപനമാണ്. ഇത് മിക്ക സംസ്ഥാനത്തും വന് തിരിച്ചടിയായി.
അപ്രസക്തമായി കോൺഗ്രസ്
കേന്ദ്രത്തില് ബിജെപിയുടെ ദുര്ഭരണം അവസാനിപ്പിക്കാന് ദേശീയതലത്തിൽ പ്രതിപക്ഷ പാർടികൾ ഒരേ മനസ്സോടെ കൈകോർക്കുമ്പോൾ പ്രധാന പ്രതിപക്ഷമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് കാഴ്ചക്കാരുടെ റോളിലേക്ക് ചുരുങ്ങി. ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ ബിജെപിക്കെതിരായ പോരാട്ടത്തെ മുന്നിൽനിന്ന് നയിക്കേണ്ട കോൺഗ്രസിന് ആഭ്യന്തര കലഹങ്ങളെ പോലും അതിജീവിക്കാനാകുന്നില്ല.
ബിജെപിക്കെതിരായ പോരാട്ടത്തിലെ പ്രധാനിയായി കോൺഗ്രസിനെ നിലവിൽ മറ്റ് രാഷ്ട്രീയ പാർടികൾ പരിഗണിക്കുന്നില്ല. ദേവിലാലിന്റെ ജന്മവാർഷികം മുൻനിർത്തി ഐഎൻഎൽഡി ഹരിയാനയിൽ സംഘടിപ്പിച്ച റാലിയിലേക്ക് പ്രധാന നേതാക്കളെയെല്ലാം ക്ഷണിച്ചപ്പോൾ കോൺഗ്രസിനെ അകറ്റിനിർത്തി. കോൺഗ്രസ് പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും ഹരിയാനയിൽ രൂപം കൊള്ളുന്നത് ബിജെപിയുടെ ദുർഭരണത്തിനെതിരായ മുഖ്യ മുന്നണിയാണെന്ന പ്രഖ്യാപനം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തി. കോൺഗ്രസിനെ ഒരു പ്രതിപക്ഷകക്ഷി എന്നനിലയിൽ കൂടെ കൂട്ടാമെന്നും നിതീഷ് കൂട്ടിച്ചേർത്തു.
ബിജെപി വിരുദ്ധ കൂട്ടായ്മയുടെ നേതൃസ്ഥാനത്ത് എന്തായാലും കോൺഗ്രസില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളിലും അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോള് രണ്ട് സംസ്ഥാനങ്ങളിൽ ഒതുങ്ങി. അതിൽ രാജസ്ഥാൻ ഏറെക്കുറെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തി. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി നേരിട്ടേറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തോറ്റു. പാളിയ പരീക്ഷണമെന്ന് ബോധ്യപ്പെട്ടിട്ടും മൃദുഹിന്ദുത്വ ശൈലി ഉപേക്ഷിക്കാൻ രാഹുൽ തയ്യാറല്ല.
തരൂർ
രാഹുലിനെ കണ്ടു
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നും നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും ശശി തരൂർ എംപി. 30ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമാണ് തരൂര് ഇക്കാര്യം അറിയിച്ചത്.