ന്യൂഡൽഹി
ഹൈക്കമാൻഡിന്റെ സമ്മർദത്തിന് വഴങ്ങാതെ സച്ചിൻ പൈലറ്റിനെതിരായി അശോക് ഗെലോട്ട് പക്ഷം നിലയുറപ്പിച്ചതോടെ ഊരാക്കുടുക്കിലായി കോൺഗ്രസ്. സോണിയപക്ഷത്തിന് അനഭിമതനായതോടെ ഗെലോട്ട് കോൺഗ്രസ്അധ്യക്ഷസ്ഥാനത്തേക്കുള്ള ഔദ്യോഗിക സ്ഥാനാർഥിയാകില്ലെന്ന് വ്യക്തമായി. പകരം നിർദേശിച്ച കമൽനാഥും പ്രസിഡന്റാകാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ ഔദ്യോഗിക സ്ഥാനാർഥിയെപ്പോലും കണ്ടെത്താനാകാത്ത ഗതികേടിലായി നേതൃത്വം.
എഐസിസി നിരീക്ഷകരായി രാജസ്ഥാനില് എത്തിയ മല്ലികാർജുൻ ഖാർഗെയെയും അജയ് മാക്കനെയും ഗെലോട്ട് പക്ഷത്തെ പ്രതിനിധീകരിച്ച് ശാന്തി ദരിവാൾ, പ്രതാപ് സിങ് കച്ചരിയവാസ്, മഹേഷ് ജോഷി എന്നിവർമാത്രമാണ് കണ്ടത്. എല്ലാവരെയും കാണണമെന്നു നിരീക്ഷകർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
ഗെലോട്ട് പക്ഷത്തെ 92 എംഎൽഎമാരാണ് കഴിഞ്ഞ ദിവസം സ്പീക്കർക്ക് രാജി നല്കിയത്. തിങ്കൾ രാത്രി വൈകി എഴുപതിലേറെ എംഎൽഎമാർ സ്പീക്കറെ കണ്ട് രാജി നിലപാട് ആവർത്തിച്ചു. നിരാശരായി മടങ്ങിയ നിരീക്ഷകർ ഡൽഹിയിൽ സോണിയയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഗെലോട്ട് പക്ഷ എംഎൽഎമാർക്ക് സോണിയ കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നാണ് സൂചന. കടുത്ത നടപടിയുണ്ടായാൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാര് നിലംപൊത്തുന്ന സ്ഥിതിയുണ്ടാകും.
എംഎൽഎമാർ ബദൽ യോഗം ചേർന്നത് അച്ചടക്കലംഘനമാണെന്ന് എഐസിസി നിരീക്ഷകനായ അജയ് മാക്കന് പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ഗെലോട്ടിനെ മൽസരിപ്പിക്കില്ലെന്നും ഖാർഗെ, മുകുൾ വാസ്നിക്ക്, ദിഗ്വിജയ് സിങ് എന്നിവരില് ഒരാളെ പരിഗണിക്കുമെന്നും പ്രവർത്തകസമിതിയംഗം കൂടിയായ മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിട്ടുവീഴ്ചയില്ലാതെ ഗെലോട്ട് പക്ഷം
സച്ചിൻ പൈലറ്റിനെതിരായ നിലപാട് ആവർത്തിച്ച് ഹൈക്കമാൻഡിന് വഴങ്ങാതെ അശോക് ഗെലോട്ട് പക്ഷം. അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള അധികാരം പുതിയ പ്രസിഡന്റിന് വിട്ടുകൊടുക്കുകയോ അതല്ലെങ്കിൽ ഗെലോട്ട് പക്ഷത്തെ എംഎൽഎമാരിൽ ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് ഉപാധി വച്ചു. എഐസിസി നിരീക്ഷകരെ കണ്ട മൂന്നംഗ സംഘമാണ് ആവശ്യമുന്നയിച്ചത്. ഗെലോട്ട് പക്ഷ എംഎൽഎമാരെ ഓരോരുത്തരെയായി കാണാൻ ഖാർഗെയും മാക്കനും താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ആവശ്യമെങ്കിൽ എംഎൽഎമാർ കൂട്ടായി കാണാമെന്നായിരുന്നു മറുപടി. എന്നാൽ, ഈ നിർദേശത്തോട് നിരീക്ഷകർ യോജിച്ചില്ല.
ഹൈക്കമാൻഡ് നിരീക്ഷകർ മടങ്ങിയതിനുശേഷവും ഗെലോട്ട് പക്ഷം വഞ്ചകനായ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഗെലോട്ടിന്റെ വിശ്വസ്തനായ ശാന്തി ദരിവാളാണ് പൈലറ്റിനെതിരായി ആഞ്ഞടിച്ചത്. ഗെലോട്ട് പക്ഷ എംഎൽഎമാർ ദരിവാളിന്റെ വസതിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, പൈലറ്റിനെതിരായ പ്രമേയത്തിൽ ഞായറാഴ്ച ഒപ്പുവച്ച എംഎൽഎമാരിൽ ചിലർ ആര് മുഖ്യമന്ത്രിയായാലും പ്രശ്നമില്ലെന്ന് തിങ്കളാഴ്ച നിലപാട് സ്വീകരിച്ചു.