ചെറുതോണി
കേരളത്തിന്റെ തീരാനോവായ ധീരജിന്റെ, ചുടുചോര വീണ മണ്ണിൽ, കണ്ണീര് വറ്റാത്ത ആയിരങ്ങളെ സാക്ഷിയാക്കി ധീരജ് കുടുംബസഹായനിധി കൈമാറി. യൂത്ത് കോണ്ഗ്രസ് ക്രിമിനലുകൾ കുത്തിക്കൊന്ന ഇടുക്കി എൻജിനിയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി സമാഹരിച്ച തുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയത്. ധീരജിന്റെ സ്മരണയ്ക്കായി ചെറുതോണിയില് സ്ഥാപിക്കുന്ന സ്മാരകമന്ദിരത്തിനും മുഖ്യമന്ത്രി കല്ലിട്ടു.
ധീരജിന്റെ അച്ഛൻ ജി രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്റെ പഠനച്ചെലവുകൾക്ക് 10 ലക്ഷം രൂപയുമാണ് നൽകിയത്. ധീരജിനൊപ്പം പരിക്കേറ്റ സഹപാഠികളായ എ എസ് അമലിനും അഭിജിത് ടി സുനിലിനും തുടർവിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. ധീരജിന്റെ സ്മരണ നിലനിര്ത്തുന്ന സ്മാരകമന്ദിരത്തിൽ വിദ്യാര്ഥികള്ക്കുള്ള പഠനകേന്ദ്രവും ലൈബ്രറിയും പ്രവര്ത്തിക്കും. വീടിനോട് ചേർന്ന് സ്ഥലമില്ലാത്തതിനാൽ സിപിഐ എം കണ്ണൂര് ജില്ലാ കമ്മിറ്റി വാങ്ങി നൽകിയ സ്ഥലത്താണ് ധീരജിനെ സംസ്കരിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് അധ്യക്ഷനായി. എം എം മണി എംഎൽഎ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവർ പങ്കെടുത്തു. ഇടുക്കി ഏരിയ സെക്രട്ടറി പി ബി സബീഷ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.