മനാമ> അടുത്ത ആഴ്ച നടക്കുന്ന കുവൈത്ത് പാര്ലമെന്റ് തിരഞ്ഞെടുപ്പില് സ്ഥാനാര്ഥിക്കായി വോട്ട് വാങ്ങിയ കേസില് ഏഴ് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നാം മണ്ഡലത്തില് മത്സരിക്കുന്ന സ്ഥാനാര്ഥിക്കായി വോട്ട് വാങ്ങിയ കേസില് ഒരു സ്വദേശിയും ആറ് സ്ത്രീകളുമാണ് പിടിയിലായത്. സ്ത്രീകളില് രണ്ടുപേര് വിദേശികളാണ്.
പൊലീസ് നിരീക്ഷണത്തിന് ശേഷം ഒരു വീട്ടില് വെച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക പത്രം റിപ്പോര്ട്ട് ചെയ്തു. വീട് വാടകക്ക് എടുത്തതായിരുന്നു. ഇ-പേയ്മെന്റ് രസീതുകളും സിവില് തിരിച്ചറിയല് കാര്ഡുകളും സഹിതം ഏകദേശം 3,960 കുവൈത്തി ദിനാറും കണ്ടെടുത്തു. വീടിനുള്ളില് അനധികൃതമായി വോട്ട് വാങ്ങിയ സംഭവത്തില് ഇതുവരെ നിരവധി പേരെ പൊലീസ് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സെപ്തംബര് 29 നാണ് പാര്ലമെന്റ് തിരഞ്ഞെടുപ്പ്. ഒന്നാം മണ്ഡലത്തില് വോട്ട് വാങ്ങിയ കേസില് മൂന്ന് സ്ത്രീകള് ഉള്പ്പെടെ ആറു പേരെ കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലില് മുന് സര്ക്കാര് രാജിവച്ചതിനെ തുടര്ന്ന് കഴിഞ്ഞ ജൂണിലാണ് കിരീടാവകാശി മെഷാല് അല് അഹമ്മദ് പാര്ലമെന്റ് പിരിച്ചുവിട്ടത്. കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഷെയ്ഖ് അഹമ്മദ് നവാഫ് അല് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പുതിയ സര്ക്കാരിനെ നിയമിച്ചു. 50 അംഗ പാര്ലമെന്റിലെ പകുതിയിലധികം അംഗങ്ങള് നിസ്സഹകരണ പ്രമേയത്തെ പിന്തുണച്ചതിനെത്തുടര്ന്നാണ് മുന് സര്ക്കാര് രാജിവച്ചത്.