രാജ്യത്തെ ചൈൽഡ് കെയർ ഫീസിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ 41 ശതമാനത്തിൻറെ വർദ്ധനവുണ്ടായെന്നാണ് ഫെഡറൽ സർക്കാരിൻറെ കണക്ക്.
ചൈൽഡ് കെയർ ഫീസ് വർദ്ധിക്കുവാനുണ്ടായ കാരണങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷനോട് സർക്കാർ നിർദ്ദേശിച്ചു.
ഫീസ് വർദ്ധനവിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിനായി 11 മില്യൺ ഡോളർ അനുവദിച്ചതായും ഫെഡറൽ സർക്കാർ വ്യക്തമാക്കി. അടുത്ത മാസത്തെ ഫെഡറൽ ബജറ്റിൽ ഇതിനായുളള തുക വകയിരുത്തും.
2023 ജൂലൈ മുതൽ രാജ്യത്തെ ചൈൽഡ്കെയർ സബ്സിഡിയിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾക്ക് മുന്നോടിയായാണ് സർക്കാർ നടപടി.
ഫീസ് വർദ്ധനവിൻറെ കാരണങ്ങൾക്ക് പുറമെ ചൈൽഡ് കെയർ ഫീസ് കുറക്കുന്നതിനായവശ്യമായ നിർദ്ദേശങ്ങളും, ശുപാർശകളും സമർപ്പിക്കുവാനും ഫെഡറൽ സർക്കാർ ACCCയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈൽഡ് കെയർ സംവിധാനവുമായി ബന്ധപ്പെട്ട പരിശോധന ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻറ് കൺസ്യൂമർ കമ്മീഷൻ ജനുവരിയിൽ ആരംഭിക്കും.
പരിശോധന പൂർത്തീകരിക്കുവാൻ ഒരു വർഷമാണ് സമയം നൽകിയിരിക്കുന്നതെങ്കിലും അടുത്ത വർഷം പകുതിയോടെ ACCC ഇടക്കാല റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജെയ്‌സൺ ക്ലെയർ പറഞ്ഞു.
11 മില്യൺ ആവശ്യമോ?
ചൈൽഡ് കെയർ ഫീസ് വർദ്ധനവുമായി ബന്ധപ്പെട്ട 12 മാസം നീളുന്ന അന്വേഷണത്തിനായി 11 മില്യൺ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനെതിരെയും പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
എന്നാൽ, നികുതിദായകരുടെ പണം വിവേകത്തോടെ ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത്തരമൊരു വിലയിരുത്തൽ അനിവാര്യമാണെന്ന് ഫെഡറൽ ധനമന്ത്രി കാറ്റി ഗല്ലഗെർ പറഞ്ഞു.
ഫീസ് വർദ്ധനവിൻറെ കാരണങ്ങൾ കണ്ടെത്തുന്നത് രക്ഷിതാക്കൾക്കും സർക്കാരിനും ഉപകാരപ്രദമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കടപ്പാട്: SBS മലയാളം