ന്യൂഡൽഹി
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ എത്തിച്ച എട്ട് ചീറ്റകളുടെ അതിജീവനശേഷിയിൽ ആശങ്ക രേഖപ്പെടുത്തി വിദഗ്ധർ. ഇന്ത്യൻ ആവാസ വ്യവസ്ഥയിൽ വസിച്ചിട്ടില്ലാത്തവയാണ് ആഫ്രിക്കൻ ചീറ്റകൾ എന്നതാണ് പ്രധാന ആശങ്ക. പുൽമേടുകൾ സംരക്ഷിക്കാനും രാജ്യത്ത് ചീറ്റകളുടെ പ്രജനനം വീണ്ടും സാധ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അവകാശപ്പെടുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എത് ശാസ്ത്രീയ പഠനത്തിന്റെ പിൻബലത്തിലാണ് ഇതെന്ന് വ്യക്തമാക്കുന്നില്ല. അഞ്ചുവർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് എത്തിക്കുന്നതെന്നും അതിജീവനശേഷി 50 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
മുതിർന്ന വനസംരക്ഷകനും വന്യജീവികളെക്കുറിച്ചുള്ള 40 പുസ്തകത്തിന്റെ രചയിതാവുമായ വാൽമിക് ഥാപ്പർ, ചീറ്റകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയോ ഇരകളുടെ ലഭ്യതയോ രാജ്യത്തില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആസൂത്രണമൊന്നുമില്ലാതെ ചീറ്റകളെ എത്തിക്കുന്നത് ഗുജറാത്തിൽനിന്ന് കുനോയിലേക്കുള്ള സിംഹങ്ങളുടെ വരവിന് തുരങ്കംവയ്ക്കുമെന്ന് ജീവശാസ്ത്രജ്ഞനായ രവി ചെല്ലം ചൂണ്ടിക്കാട്ടി. രോഗം ബാധിച്ച് ചത്തൊടുങ്ങാൻ തുടങ്ങിയതോടെ ഏഷ്യാറ്റിക് സിംഹങ്ങളെ അടിയന്തരമായി ഗുജറാത്തിലെ ഗിർ വനത്തിൽനിന്ന് കുനോ ഉദ്യാനത്തിലേക്ക് മാറ്റണമെന്ന് 2013ൽ സുപ്രീംകോടതി ഉത്തരവിട്ടങ്കിലും കേന്ദ്രം നടപ്പാക്കിയിട്ടില്ല. ഒരു വർഷം 1000 ചതുരശ്ര കിലോമീറ്ററാണ് ഒരു ചീറ്റ സഞ്ചരിക്കുക. പുൽമേടുകളിൽ 90 ശതമാനം നശിപ്പിക്കപ്പെട്ട രാജ്യത്ത് ചീറ്റകൾ എങ്ങനെ വിഹരിക്കുമെന്ന് ദേശീയ വന്യജീവി ബോർഡ് മുൻ അംഗം പ്രേരണസിങ് ബിന്ദ്ര സംശയം പ്രകടിപ്പിക്കുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ ചീറ്റകളെ എത്തിക്കാൻ 2020ലാണ് സുപ്രീംകോടതി അനുമതി നൽകിയത്. വലിയതോതിൽ പരിചരണം ആവശ്യമുള്ള ചീറ്റകൾക്ക് ഇന്ത്യയിൽ ഹ്രസ്വകാലത്തേക്ക് മാത്രമേ ആയുസ്സ് ഉണ്ടാകുകയുള്ളൂവെന്ന് വിദഗ്ധർ കേന്ദ്രത്തെ അറിയിച്ചിരുന്നു.
എട്ട് ചീറ്റകൾ എത്തി
കരയിലെ വേഗരാജാവ് ഏഴു പതിറ്റാണ്ടിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് ശനിയാഴ്ച രാവിലെയൊണ് എട്ട് ചീറ്റപ്പുലികളെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിച്ചത്. അവിടെനിന്ന് ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേക്ക് മാറ്റി. പ്രത്യേകം സജ്ജമാക്കിയ ഭാഗത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയെ തുറന്നുവിട്ടു. അഞ്ച് പെണ്ണും മൂന്ന് ആണുമാണുള്ളത്. പെണ്ണിന് 2––5ഉം ആണിന് 4–-5 വയസ്സുമുണ്ട്.
കുനോയിലെ ആവാസവ്യവസ്ഥയുമായി ഇണങ്ങുന്നതുവരെ ഇവയെ പ്രത്യേകം നിരീക്ഷിക്കും. ഇതിനുശേഷമേ പുറത്തുനിന്നുള്ളവർക്ക് കാണാന് അനുവാദമുണ്ടാകു.
ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവയെ എത്തിച്ചത്.1952-ൽ ചീറ്റകൾക്ക് ഇന്ത്യയിൽ വംശനാശം സംഭവിച്ചതായാണ് രേഖ. എന്നാൽ, 1947ൽ അവസാനത്തെ ചീറ്റയും വേട്ടയാടപെട്ടതായാണ് കരുതുന്നത്. ലോകത്തുതന്നെ 7000 ചീറ്റകളാണ് അവശേഷിക്കുന്നത്.