ഹെെദരാബാദ്
ഹെെദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ദിനത്തെ വക്രീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിഭജനരാഷ്ട്രീയം പയറ്റുകയാണെന്ന രൂക്ഷ വിമർശവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ഗൂഢാലോചനയില്‍ നാട് ജാഗ്രത പുലർത്തണം. രാഷ്ട്രീയ ലക്ഷ്യത്തോടെ തെലങ്കാനായുടെ സമാധാന അന്തരീക്ഷം അട്ടിമറിക്കുന്നു. സംസ്ഥാന സർക്കാർ ഹെെദരാബാദ് പബ്ലിക് ഗാർഡനിൽ സംഘടിപ്പിച്ച ‘തെലങ്കാന ദേശീയോദ്ഗ്രഥന ദിനം’ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി.
കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര മന്ത്രാലയം ഹെെദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്തു.സെപ്തംബർ 17 ‘വിമോചന’ ദിനമായി ആചരിക്കാൻ ഭരണത്തിലുള്ള ടിആർഎസിന് ഭയമാണെന്ന് അമിത് ഷാ ആരോപിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹത്തെ തടഞ്ഞെന്നാരോപിച്ച് ടിആർഎസ് നേതാവായ ഗോസുല ശ്രീനിവാസ് യാദവിന്റെ വാഹനം സുരക്ഷാ സേനാംഗങ്ങൾ തകർത്തെന്ന് ആരോപണം. വാഹനവ്യൂഹം കടന്നുപോകുന്നത് തടയാൻ ഒരുശ്രമവും നടത്തിയിട്ടില്ലെന്നും റോഡിൽ നിർത്തിയ കാർ അടിച്ചു തകർക്കുകയായിരുന്നെന്നും ഗോസുല പറഞ്ഞു.
ഹെെദരാബാദിലെ രക്തസാക്ഷി സ്തൂപത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആദരം അർപ്പിക്കുന്നു ഫോട്ടോ: പിടിഐ