കണ്ണൂർ
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഇരിക്കുന്ന പദവിയുടെ ഔന്നത്യം മനസ്സിലാക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തും വിളിച്ചുപറയുംവിധം അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നു. ആരുടെയൊക്കെയോ താൽപര്യത്തിനനുസരിച്ച് രാഷ്ട്രീയ കേരളത്തെ അദ്ദേഹം മലീമസമാക്കുകയാണ്.
കണ്ണൂർ സർവകലാശാലയിൽ മൂന്നുവർഷം മുമ്പ് നടന്നതായി പറയുന്ന സംഭവത്തിന്റെപേരിൽ ഇപ്പോൾ ആക്ഷേപം ഉന്നയിക്കുകയാണ്. അന്നൊന്നും പരാതി നൽകാതെ ഇപ്പോൾ എന്തൊക്കെയോ വിളിച്ചുപറഞ്ഞ് സ്വയം ചെറുതാകുകയാണ്. നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിടാൻ നിയമപരമായി ബാധ്യത ഉണ്ടായിട്ടും നിർവഹിക്കില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. കർട്ടന് പിന്നിൽനിന്ന് കളിക്കുന്ന ശീലം കമ്യൂണിസ്റ്റുകാർക്കില്ല. അത്തരം കളികൾ നടത്തുന്ന ഗവർണർക്ക് രഹസ്യ അജൻഡയാണ്.