ന്യൂഡൽഹി
തങ്ങളുടെ രാഷ്ട്രീയതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ട്വിറ്ററിൽ കേന്ദ്രസർക്കാർ വിദേശ ചാരന്മാരെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. ട്വിറ്റർ മുൻ സുരക്ഷാമേധാവി പീറ്റർ സാത്കോയാണ് അമേരിക്കൻ സെനറ്റ് സമിതിയോട് അതീവഗൗരവതരമായ ഈ വെളിപ്പെടുത്തൽ നടത്തിയത്. പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും കേന്ദ്രസർക്കാരിന്റെ വിമർശകരും സർക്കാർനയങ്ങളിൽ പ്രതിഷേധിക്കുന്നവരും അടക്കമുള്ളവരുടെ അക്കൗണ്ടുകൾ പൂട്ടിക്കണമെന്ന കേന്ദ്രത്തിന്റെ ഉത്തരവ് ട്വിറ്റർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് ചാരന്മാരെ നിയോഗിച്ചത്. ഇത്തരത്തിൽ രണ്ട് പേരെ ജോലിക്ക് എടുക്കാൻ ട്വിറ്റർ തയ്യാറായെന്ന് ‘മജ്’ എന്ന് അറിയപ്പെടുന്ന സാത്കോ പറഞ്ഞു. കമ്പനി സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ സർക്കാരിന്റെ ചാരന്മാർക്ക് അനുമതി നൽകിയതുവഴി ട്വിറ്റർ അവരുടെ ഉപയോക്താക്കളെ വഞ്ചിച്ചു–- സാത്കോ ചൂണ്ടിക്കാട്ടി.ട്വിറ്ററിനു അവരുടെ കൈവശമുള്ള വിവരശേഖരത്തെക്കുറിച്ച് ശരിയായ ധാരണയില്ലെന്നും ജീവനക്കാർക്ക് ഈ വിവരങ്ങൾ ചോർത്താൻ കഴിയുന്ന അവസ്ഥയാണെന്നും സാത്കോ പറഞ്ഞു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ട്വിറ്റർ പരാജയമാണെന്നും അധാർമിക പ്രവർത്തനങ്ങൾക്ക് കമ്പനി ഒത്താശചെയ്യുന്നുവെന്നും സാത്കോ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അമേരിക്കൻ പ്രതിരോധ ഗവേഷണ വകുപ്പിലും ഗൂഗിളിലും പ്രവർത്തിച്ചശേഷം ട്വിറ്ററിൽ എത്തിയ സാത്കോ ഇക്കൊല്ലം തുടക്കത്തിലാണ് ഈ കമ്പനി വിട്ടത്. ഇപ്പോൾ സൈബർമേഖലയിലെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലാണ്.ട്വിറ്ററിന്റെ സുരക്ഷാസംവിധാനം കാലഹരണപ്പെട്ടതാണ്. പകുതിയോളം സെർവറുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ ആർക്കും നുഴഞ്ഞുകയറാൻ തക്കവിധം ദുർബലമാണ്. എൻജിനിയർമാരുടെ നിർദേശങ്ങൾ കമ്പനി ചെവിക്കൊള്ളുന്നില്ല. ലാഭക്കൊതിയാണ് തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ നുഴഞ്ഞുകയറ്റത്തിന് ട്വിറ്റർ പലതവണ വിധേയമായി. ജീവനക്കാർ വിവരങ്ങൾ ചോർത്തിയാലും കണ്ടെത്താൻ ട്വിറ്ററിന് ശേഷിയില്ലെന്നും സാത്കോ പറഞ്ഞു.നേരത്തേ ഫെയ്സുബുക്കിലും വാട്സാപ്പിലും കേന്ദ്രസർക്കാർ വഴിവിട്ട ഇടപെടലുകൾ നടത്തുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. വാണിജ്യതാൽപ്പര്യം മുൻനിർത്തി ഈ കമ്പനികൾ കേന്ദ്രസർക്കാരിനും ബിജെപിക്കും വഴങ്ങുകയാണെന്നും വെളിപ്പെടുത്തലുകളുണ്ടായി.
വിൽപ്പന തീരുമാനം അംഗീകരിച്ച്
ട്വിറ്റർ ഓഹരി ഉടമകൾ
നാലായിരത്തി നാനൂറ് കോടി ഡോളറിന് (ഏകദേശം 3.50 ലക്ഷം കോടി രൂപ) ട്വിറ്റർ വാങ്ങാനുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ വാഗ്ദാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് തീരുമാനം.
ഏപ്രിലിൽ ടെസ്ല സിഇഒ മസ്ക് സമൂഹമാധ്യമം വാങ്ങാനായി മുന്നോട്ടുവച്ച വാഗ്ദാനം ഡയറക്ടർ ബോർഡ് അംഗീകരിച്ചിരുന്നു. എന്നാൽ, വ്യാജ അക്കൗണ്ടുകളെപ്പറ്റിയടക്കം ആവശ്യപ്പെട്ട വിവിധ വിവരങ്ങൾ കമ്പനി ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് കരാറിൽനിന്ന് പിന്മാറുന്നതായി ജൂലൈയിൽ മസ്ക് പ്രസ്താവിച്ചു. തുടർന്ന് കമ്പനി ഡെലവേ കോടതിയിൽ നൽകിയ ഹർജി അടുത്ത മാസം പരിഗണിക്കാനിരിക്കവെയാണ് വിൽപ്പന തീരുമാനത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകിയിരിക്കുന്നത്.