ന്യൂഡൽഹി
സംസ്ഥാനങ്ങളുടെ ആസൂത്രണകാര്യത്തിൽ കേന്ദ്രത്തിന് പൂർണമായും പിടിമുറുക്കാൻ നിതി ആയോഗ് സംവിധാനം സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഇതോടെ സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾ ഇല്ലാതാകും. കേന്ദ്രം വിഭാവനംചെയ്യുന്ന സംസ്ഥാനതല നിതി ആയോഗുകളിൽ കോർപറേറ്റ് സാമ്പത്തികവിദഗ്ധരെ നിയോഗിക്കാനാണ് തീരുമാനം.|
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം മാർച്ചിനകം പുതിയ സംവിധാനം നിലവിൽവരും. ഉത്തർപ്രദേശ്, കർണാടക, അസം, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രൂപീകരണപ്രക്രിയ തുടങ്ങി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉടൻ തുടങ്ങും. 2047ഓടെ ഇന്ത്യയെ വൻസാമ്പത്തികശക്തിയാക്കുകയെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് കേന്ദ്രം അവകാശപ്പെടുന്നു. കഴിഞ്ഞ ആറിന് നിതി ആയോഗ് സംസ്ഥാന ആസൂത്രണ സെക്രട്ടറിമാരുടെ യോഗം വിളിച്ചുകൂട്ടി.
|
കേന്ദ്രത്തിൽ ആസൂത്രണകമീഷൻ സംവിധാനം അവസാനിപ്പിച്ച് നിതി ആയോഗ് രൂപീകരിച്ചത് 2015 ജനുവരിയിലാണ്. 1951 മുതൽ നിലനിന്ന ആസൂത്രണ സംവിധാനത്തിന് അതോടെ അന്ത്യമായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന, സ്വകാര്യവൽക്കരണം. സർക്കാർ സർവീസിൽ കരാർവൽക്കരണം എന്നിവയിൽ ഊന്നിയുള്ള പരിഷ്കരണങ്ങളാണ് നിതി ആയോഗ് നടപ്പാക്കുന്നത്. പൊതുആസ്തിവിൽപ്പനയും തുടങ്ങി. ദീർഘകാല ആസൂത്രണമോ പദ്ധതിനിർവഹണമോ നിതി ആയോഗിന്റെ അജൻഡയിൽ ഇല്ല. കേരളംപോലുള്ള സംസ്ഥാനങ്ങൾ ഇതിനിടയിലും ബദൽനയങ്ങളിലൂടെ ജനക്ഷേമപദ്ധതികൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നു. ഇതിനടക്കം തടയിടാനാണ് ആസൂത്രണബോർഡുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
ആസൂത്രണകമീഷൻ കാലത്ത് പദ്ധതിഫണ്ടുകൾ അനുവദിച്ചിരുന്നത് കമീഷൻ ശുപാർശപ്രകാരമായിരുന്നു. നിതി ആയോഗ് വന്നശേഷം ധനമന്ത്രാലയത്തിനാണ് ഈ അധികാരം. സംസ്ഥാനങ്ങളോട് രാഷ്ട്രീയവിവേചനത്തിന് അതുവഴി കേന്ദ്രത്തിന് എളുപ്പത്തിൽ കഴിയുന്നു. സംസ്ഥാന ആസൂത്രണ ബോർഡുകളുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ഉപാധ്യക്ഷനെയും അംഗങ്ങളെയും തീരുമാനിക്കുന്നതും സംസ്ഥാനസർക്കാരാണ്. നിതി ആയോഗ് വരുന്നതോടെ ഈ മേഖലയിലും കേന്ദ്ര ഇടപെടലിന് കളമൊരുങ്ങും.
സംസ്ഥാനങ്ങൾ ഏതു വിധത്തിൽ നയരൂപീകരണം നടത്തണം, നയങ്ങളുടെയും പരിപാടികളുടെയും മേൽനോട്ടം, സാങ്കേതികവൽക്കരണം എന്നീ വിഷയങ്ങളിൽ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും. ഐഐടികൾ, ഐഐഎമ്മുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരെ സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.