ന്യൂഡൽഹി
കഴിഞ്ഞ ഒമ്പതുവർഷംകൊണ്ട് കോൺഗ്രസിന്റെ സർവനാശത്തിലേക്കുള്ള പതനത്തിന് വഴിതുറന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നത്. 2013 ജനുവരിയിൽ കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ മുതിർന്ന നേതാവ് എ കെ ആന്റണി അവതരിപ്പിച്ച പ്രമേയത്തിലൂടെയാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്. 2014ൽ മൂന്നാം യുപിഎ ഭരണം സ്വപ്നം കണ്ടെങ്കിലും നിരാശയായിരുന്നു ഫലം.
യുവാക്കൾക്ക് അവസരമെന്ന പേരിൽ ദേശീയ രാഷ്ട്രീയം എന്തെന്ന തിരിച്ചറിവില്ലാത്ത ഏറാൻമൂളികളെ നിർണായക സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചായിരുന്നു രാഹുലിന്റെ തുടക്കം. അനുഭവസമ്പത്തുള്ള മുതിർന്നവർ തഴയപ്പെട്ടു. പ്രസിഡന്റ് സോണിയയെങ്കിലും കോൺഗ്രസ് പൂർണമായി രാഹുലിന്റെ റിമോട്ട് ഭരണത്തിലായി. ഇതോടെ തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി.
2013ൽ മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും തോറ്റു. 2014 പൊതുതെരഞ്ഞെടുപ്പിൽ 44 സീറ്റെന്ന ദയനീയ പതനം. 2014–-22 കാലയളവിൽ 49 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 39ലും കോൺഗ്രസ് തോറ്റു. 2018ൽ രാജസ്ഥാനിലും ഛത്തിസ്ഗഢിലും ജയിച്ചതു മാത്രമാണ് ആശ്വാസം. 2017ൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാഹുലിന്റെ നേട്ടമായി സ്തുതിപാഠകസംഘം ഈ രണ്ട് വിജയത്തെ ആഘോഷിച്ചു. മധ്യപ്രദേശിൽ ഭരണത്തിലെത്തിയിട്ടും തമ്മിലടി കാരണം സർക്കാർ വീണു. ഗോവയിലും മണിപ്പുരിലും കൂടുതൽ സീറ്റുകൾ കിട്ടിയിട്ടും ഭരണം ബിജെപി കൊണ്ടുപോയി. കർണാടകത്തിലെ സഖ്യസർക്കാരും വീണു. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ദയനീയ തോൽവി. 52 സീറ്റ്മാത്രം. അമേത്തിയിൽ രാഹുലടക്കം തോറ്റു.
നിലവിൽ രണ്ട് സംസ്ഥാനത്താണ് ഭരണമുള്ളത്. ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ കൈവിട്ടു. നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്കും തുടരുകയാണ്. കോൺഗ്രസിനെ രാഹുൽ തകർത്തുവെന്ന ഗുലാംനബിയുടെ വാക്കുകൾ തീർത്തും ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ഒമ്പതുവർഷത്തെ കോൺഗ്രസ് പ്രകടനം.