ന്യൂഡൽഹി
കേരളം ആവശ്യപ്പെട്ടതുപ്രകാരം പേവിഷ വാക്സിന്റെ ഗുണനിലവാരത്തിൽ കേന്ദ്രസർക്കാർ ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ റിപ്പോർട്ട് തേടി. വാക്സിന്റെ ഫലപ്രാപ്തിയിൽ സംശയം പ്രകടമാക്കി സംസ്ഥാന സർക്കാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ കുട്ടി മരിച്ച സാഹചര്യത്തിലാണ് കേരളം കത്തയച്ചത്.
കത്ത് പരിഗണിച്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കേന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറൽ വി സി സൊമാനിയയോടാണ് റിപ്പോർട്ട് തേടിയത്. ഗുണനിലവാരം പരിശോധിച്ചുള്ള അന്തിമറിപ്പോർട്ടിന് രണ്ടാഴ്ച സമയമെടുക്കും. കസൗളിയിലെ കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിലാണ് പരിശോധന. കേരളത്തിലേക്ക് കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.