ന്യൂഡൽഹി
ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിശാല പ്രതിപക്ഷഐക്യം രൂപീകരിക്കണമെന്ന് എൻസിപി ദേശീയ കൺവൻഷൻ. രാജ്യത്തെ എല്ലാ ബിജെപി ഇതര കക്ഷികളെയും ഒരുകുടക്കീഴിൽ അണിനിരത്തി പൊതുതെരഞ്ഞെടുപ്പ് നേരിടണമെന്ന് ഡൽഹി കൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു. എട്ടാമത് ദേശീയ കൺവൻഷനിൽ ശരദ് പവാറിനെ വീണ്ടും ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു.
പ്രധാനമന്ത്രിസ്ഥാനത്തിന്റെ പേരിൽ ഒരു ഭിന്നതയ്ക്കും ഇടനൽകാതിരിക്കാൻ ശ്രമിക്കുമെന്ന് ശരദ് പവാർ വ്യക്തമാക്കി. താൻ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈവർഷം അവസാനംമുതൽ പ്രതിപക്ഷ കക്ഷി നേതാക്കളെ നേരിൽക്കണ്ട് ഐക്യശ്രമം ഊർജിതമാക്കാൻ കൺവൻഷൻ പവാറിനെ ചുമതലപ്പെടുത്തി. പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുക്കേണ്ട കോൺഗ്രസ് ആ ദൗത്യം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് നേതാക്കൾ തുറന്നടിച്ചു. ചർച്ചകൾ നടത്തേണ്ട സമയത്ത് സംഘടനാ പ്രശ്നങ്ങളിൽ കിടന്നുഴലുകയാണ് കോൺഗ്രസ്.
ഉത്തർപ്രദേശിലടക്കം കോൺഗ്രസ് നിലപാടാണ് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലാണ് പ്രമേയം അവതരിപ്പിച്ചത്.