ന്യൂഡൽഹി
റഷ്യയിലെ ഏറ്റവും വലിയ കൽക്കരി വിതരണ കമ്പനിയായ സൈബീരിയൻ കൽക്കരി എനർജി കമ്പനി (എസ്യുഇകെ) ഇന്ത്യയിൽ ഓഫീസ് തുറക്കുന്നു. റഷ്യക്കെതിരെ അമേരിക്കയും യൂറോപ്പും ചുമത്തിയ ഉപരോധങ്ങൾക്കിടയിൽ ഇന്ത്യയിലേക്കുള്ള കയറ്റുമതി വൻ തോതിൽ വർധിച്ചതോടെയാണ് ഓഫീസ് തുറക്കുന്നത്. കേന്ദ്രസർക്കാരുമായുള്ള ചർച്ച നിർണായകഘട്ടത്തിലാണെന്നും ഇന്ത്യ തങ്ങളുടെ മുഖ്യ കമ്പോളമാണെന്നും സിഇഒ മാക്സിം ബസോവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അദ്ദേഹം അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. 2022ലെ ആദ്യ പാദത്തിൽത്തന്നെ റഷ്യയിൽനിന്ന് 1.25 മില്യൺ ടൺ കൽക്കരി ഇന്ത്യ വാങ്ങി. ഉഷ്ണതരംഗം ആഞ്ഞടിച്ച മാസങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം ഊർജപ്രതിസന്ധിയിൽ വീണത് റഷ്യൻ കമ്പനിക്ക് നേട്ടമായിരുന്നു.
2021ൽ ഇറക്കുമതി ചെയ്ത കൽക്കരിയുടെ രണ്ടിരട്ടിയാണ് ഈ മാസങ്ങളിൽമാത്രം ഇന്ത്യ വാങ്ങിയത്. ലോജിസ്റ്റിക്സ് പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് പ്രതിവർഷം 10 മില്യൺ ടൺ കൽക്കരി കയറ്റുമതി ചെയ്യനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.