മുംബൈ
ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകർക്ക് ജയിലിൽ ചികിത്സ നിഷേധിക്കുന്നതായി ബന്ധുക്കൾ. മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ വെർനൺ ഗോൺസാൽവസിന് (65) ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും ചികിത്സ നിഷേധിച്ചെന്ന് ഭാര്യയും അഭിഭാഷകയുമായ സൂസൻ എബ്രഹാം പറഞ്ഞു. ആഗസ്ത് 30നു ഗോൺസാൽവസിന് പനി ബാധിച്ച് ഗുരുതരാവസ്ഥയിലായെങ്കിലും ചികിത്സ നൽകിയില്ല. പലതവണ പരാതിപ്പെട്ടതോടെ സെപ്തംബർ ഏഴിന് മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ പൂർത്തിയാകുംമുമ്പ് ജയിലിലേക്ക് മാറ്റി. സൂസൻ കോടതിയിൽനിന്ന് അനുകൂല വിധിവാങ്ങിയതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോൺസാൽവസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭീമ കൊറേഗാവ് കേസിൽ തടവിൽ കഴിയുന്നവർക്കെല്ലാം ചികിത്സ നിഷേധിക്കുന്നതായി കുടുംബാംഗങ്ങൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിചാരണയും കുറ്റപത്രവുമില്ലാതെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന 84കാരനായ ഫാദർ സ്റ്റാൻസ്വാമി 2021 ജൂലൈ അഞ്ചിനാണ് ചികിത്സ കിട്ടാതെ മരിച്ചത്.
കുറ്റാരോപിതരായ ഗൗതം നവലാഖ, ഹനി ബാബു, വിപ്ലവകവി വരവര റാവു എന്നിവർക്കും ജയിലിൽ ചികിത്സ നിഷേധിച്ചിരുന്നു. വരവര റാവുവിന് അടുത്തിടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.