ന്യൂഡൽഹി
ചൈനയിൽ മെഡിക്കൽ പഠനം നടത്താനാഗ്രഹിക്കുന്നവർക്ക് മാർഗനിർദേശമിറക്കി ബീജിങ്ങിലെ ഇന്ത്യൻ എംബസി. വിജയശതമാനത്തിലെ കുറവ്, ഭാഷാ പ്രശ്നങ്ങൾ തുടങ്ങി ചൈനയിൽ ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളും മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് അധ്യാപകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം കുറവാണെന്നും പ്രാക്ടിക്കലുകൾവേണ്ട വിധത്തിൽ നടത്തുന്നില്ലെന്നും മുൻപ് പഠിച്ചവർ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് സ്വഭാവത്തിലുള്ളതാണ് മാർഗരേഖ. ഫീസ്, കരിക്കുലം, പഠനരീതി, എന്നിവ മനസ്സിലാക്കി വേണം പ്രവേശനം നേടേണ്ടത്. ചൈനയിൽ പഠനം നടത്തിയെത്തുന്നവരിൽ 16 ശതമാനംപേർ മാത്രമാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നടത്തുന്ന പരീക്ഷ പാസാകുന്നത്. ഈ പരീക്ഷ ജയിക്കുന്നവർക്ക് മാത്രമാണ് ഇന്ത്യയിൽ പ്രാക്ടീസ് നടത്താനാകുക. വിദേശ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ 45 സർവകലാശാലകളിൽ മാത്രമേ മെഡിക്കൽ കോഴ്സുകൾ നടത്താൻ കഴിയൂവെന്ന് ചൈനീസ് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ മാത്രമേ പ്രവേശനം നേടാവൂ. ഇംഗ്ലീഷ് –-ചൈനീസ് ഭാഷകൾ ഇടകലർത്തി സർവകലാശാലകൾ നടത്തുന്ന ക്ലിനിക്കൽ കോഴ്സുകളിലോ ചൈനീസ് ഭാഷയിൽ മാത്രം നടത്തുന്നവയിലോ ചേരരുതെന്നും മുന്നറിയിപ്പുണ്ട്. ക്ലിനിക്കൽ കോഴ്സുകളിൽ ചൈനീസ് ഭാഷ നിർബന്ധമായും പഠിക്കേണ്ടതുണ്ട്. ഇന്റേൺഷിപ് പൂർത്തിയാക്കിയശേഷം ചൈനീസ് മെഡിക്കൽ യോഗ്യതാ പരീക്ഷ വിജയിക്കണം.