കൊച്ചി
തീരദേശം മത്സ്യത്തൊഴിലാളികൾക്ക് അന്യമാക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതിക്ക് പിന്നാലെ (നീല സമ്പദ്വ്യവസ്ഥ) കേന്ദ്ര ബിജെപി സർക്കാർ ആഴക്കടൽ മത്സ്യ ബന്ധനവും കുത്തകകൾക്ക് തീറെഴുതുന്നു. ഇതിനായി 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രത്യേക സാമ്പത്തികമേഖലയിലെ (ഇഇസെഡ്) മത്സ്യ ബന്ധനത്തിന് യാനങ്ങൾക്ക് കനത്ത ഫീസ് ചുമത്തും. അതോടെ ഈ പ്രദേശത്തെ മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചെറുകിട ബോട്ടുടമകൾക്കും അന്യമാകും.
കേന്ദ്ര ഫിഷറീസ് വകുപ്പ് വെബ്സെെറ്റിൽ പ്രസിദ്ധീകരിച്ച ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച കരടിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തകർക്കുന്ന നിർദേശങ്ങളുള്ളത്. ഇതനുസരിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിന് 24 മീറ്ററിലേറെ നീളമുള്ള ബോട്ടുകൾക്ക് അഞ്ചുലക്ഷം രൂപയും 15–-24 മീറ്ററിനിടയിലുള്ള ബോട്ടുകൾക്ക് ഒരുലക്ഷം രൂപയും പെർമിറ്റ് ഫീസ് നൽകണം. 12–-15 മീറ്റർവരെയുള്ള ബോട്ടുകൾക്ക് 50,000 രൂപയും. രണ്ടുവർഷമാണ് പെർമിറ്റ് കാലാവധി. പ്രത്യേക സാമ്പത്തികമേഖലിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനെന്ന പേരിലാണ് നിർദേശങ്ങളെങ്കിലും കോർപറേറ്റുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കലാണ് ലക്ഷ്യം.
ആയിരത്തോളം ഇന്ത്യൻ നിർമിത യാനങ്ങൾക്ക് പുതിയ പെരുമാറ്റച്ചട്ടം ബാധകമാകും. യാനങ്ങളിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ, അയൽരാജ്യങ്ങളിലെ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിലെ ചട്ടങ്ങൾ, വിവിധയിനം വലകളുടെ ഉപയോഗം തുടങ്ങി ചെറുകിട മത്സ്യമേഖലയ്ക്ക് കുരുക്കാകുന്ന നിരവധി നിർദേശങ്ങൾ കരടിലുണ്ട്. നിർദേശത്തിന്മേൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി ആഗസ്ത് മുപ്പതായിരുന്നെങ്കിലും ആഗസ്ത് 29നാണ് വെബ്സെറ്റിൽ കരട് പ്രസിദ്ധീകരിച്ചത്.
നിരാശാജനകം
ഈ നിർദേശങ്ങൾ ഇന്ത്യൻ മറൈൻ ഫിഷറീസ് റഗുലേഷൻ ആക്ടിന്റെ ഭാഗമല്ല എന്നത് നിരാശാജനകമാണെന്ന് ഫിഷറീസ് വിദഗ്ധനും സിഎംഎഫ്ആർഐ മുൻ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനുമായ കെ സുനിൽ മുഹമ്മദ് പറഞ്ഞു. ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ഭാരമാകാതിരിക്കാൻ ലൈസൻസ് ഫീസ് പകുതിയായി കുറയ്ക്കണം. ശാസ്ത്രീയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാകണം ലൈസൻസുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്
വളഞ്ഞ വഴിയിലൂടെ കുത്തകകളെ കടത്തിക്കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഓൾ ഇന്ത്യ ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു. നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളി യൂണിയനുകളും സമരത്തിന് ഒരുങ്ങുക
യാണ്.