തിരുവനന്തപുരം> ശ്രീനാരായണ ഗുരുവിന്റെ മഹത്വം ജീവിച്ച നൂറ്റാണ്ട് കടന്ന് അടുത്ത നൂറ്റാണ്ടിലേക്ക് കടന്നുവെന്നും ഗുരുവിന് സമാനമായി ഗുരു മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള് വെളിച്ചം പടര്ത്തിക്കൊണ്ടിരിക്കും. ഒരിക്കലും കാലഹരണപ്പെടാത്ത വെളിച്ചമായി ഗുരുചിന്ത നില്ക്കും. ഗുരുചിന്ത മത വിദ്വേഷങ്ങള്ക്കെതിരെയുള്ള ഒറ്റമൂലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തി മഹാസമ്മേളനം ചെമ്പഴന്തിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ മഹത്വം വേണ്ട പോലെ മനസിലാക്കാനും മനസിലാക്കി കൊടുക്കാനും കഴിഞ്ഞില്ലെങ്കില് അതാണ് വലിയ ഗുരുനിന്ദ. ഇഎംഎസും വി ടി ഭട്ടതിരിപ്പാടും ഗുരു ചിന്തയില് പ്രചോദിതരായിട്ടുണ്ട്. നമ്പൂതിരിയെ മനുഷ്യനാക്കാന് ഇവര് ഇറങ്ങി പുറപ്പെട്ടതിനു പിന്നില് ഈ പ്രചോദനമുണ്ട്. അനാചാരങ്ങളെ എതിര്ത്തയാളാണ് ഗുരു. ജാതീയതയുടെ രാഷ്ട്രീയ വത്കരണം നടക്കുന്നുവെന്നും ഈ ഘട്ടത്തില് ഗുരുവിന്റെ ആശയങ്ങള്ക്ക് ആഗോള പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.