ന്യൂഡൽഹി
രാജ്യത്ത് അരിവില ക്രമാതീതമായി ഉയർത്തിയതോടെ നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. ഖാരിഫ് സീസണിൽ അരിയുൽപ്പാദനം കുത്തനെ കുറയുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് നീക്കം. വ്യാഴാഴ്ച ബസുമതി ഇതര അരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തി ഉത്തരവിറക്കിയിരുന്നു. ഉത്തരവിനുമുമ്പ് കപ്പലിൽ കയറ്റിയതും കരാറായതും കസ്റ്റംസ് അനുമതി ലഭിച്ചതുമായ അരി സെപ്തംബർ 15 വരെ കയറ്റുമതി ചെയ്യാം. മേയിൽ ഗോതമ്പ് കയറ്റുമതിയും പിന്നാലെ ആട്ട കയറ്റുമതിയും നിരോധിച്ചിരുന്നു.
കാർഷികമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിലെ ഖാരിഫ് സീസണിൽ മൊത്ത നെൽക്കൃഷിവിസ്തൃതിയിൽ 5.62 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തരവിപണിയിൽ അരിവില കുത്തനെ ഉയർന്നിരുന്നു. 7.8 ശതമാനമാണ് മൊത്തവിലയിലുണ്ടായ വർധന. 2021–-22 സാമ്പത്തിക വർഷം 21.2 മില്യൺ ടൺ അരി കയറ്റുമതി ചെയ്ത ഇന്ത്യ ചൈനയ്ക്കു പിന്നിൽ അരിയുൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ്.