തിരുവനന്തപുരം
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജി 23 നേതാക്കളുടെ വിമർശം ഉൾക്കൊള്ളണമായിരുന്നെന്നാണ് ചാനൽ അഭിമുഖത്തിൽ സുധാകരൻ വ്യക്തമാക്കിയത്. ശശി തരൂർ മത്സരിച്ചാൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ചതെന്നും ശ്രദ്ധേയം.
ഭാരത് ജോഡോ യാത്രയ്ക്കായി കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കേരള നേതാക്കൾ അവഗണിച്ചതും ഇതിന്റെ തുടർച്ചയാണെന്ന് വിമർശനമുയർന്നു. കോൺഗ്രസിന് രാജ്യത്ത് അവശേഷിക്കുന്ന രണ്ട് മുഖ്യമന്ത്രിമാരിൽ ഒരാളായ ഗെലോട്ടിനെയാണ് സോണിയ ഉൾപ്പെടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. എന്നിട്ടും അശോക് ഗെലോട്ടിനെ സ്വീകരിക്കാൻ കേരള നേതാക്കൾ ആരും എത്താതിരുന്നത് ഈ പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.
ശശി തരൂരിന് അനുകൂല നിലപാടാണ് സുധാകരൻ പരോക്ഷമായി സ്വീകരിക്കുന്നത്. ഒരുവിഭാഗത്തിനുവേണ്ടിയും വോട്ട് അഭ്യർഥിക്കില്ലെന്ന് നേരത്തേ മറ്റൊരു മാധ്യമ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ വരുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്ന സൂചന കൂടിയാണ് സുധാകരൻ നൽകുന്നത്. എന്നാൽ, പരാമർശം വിവാദമായതോടെ താൻ ദേശീയ നേതൃത്വത്തിനെതിരാണെന്ന് വരുത്തിത്തീർക്കുകയാണെന്ന് സുധാകരൻ മലക്കംമറിഞ്ഞു.
സുധാകരന്റെ നിലപാട് എന്തടിസ്ഥാനത്തിലെന്നാണ് പാർലമെന്റ് അംഗമായ മുതിർന്ന നേതാവിന്റെ ചോദ്യം. മറ്റു സംസ്ഥാനങ്ങളിൽ തരൂരിന് ഒരു ബന്ധവുമില്ല. ഔദ്യോഗിക സ്ഥാനാർഥിയായി പ്രതീക്ഷിക്കുന്ന അശോക് ഗെലോട്ട് എല്ലാ സംസ്ഥാനത്തും വേരുള്ള നേതാവാണെന്നും സുധാകര വിരുദ്ധപക്ഷം വാദിക്കുന്നു. കോൺഗ്രസുമായി ബന്ധമില്ലാത്ത നേതാവാണ് തരൂർ, അദ്ദേഹത്തിന്റെ പാണ്ഡിത്യം ദേശീയാധ്യക്ഷനാകാനുള്ള യോഗ്യതയല്ലെന്നും ഇവർ പറയുന്നു. 30ന് ചിത്രം തെളിയുംവരെ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് അപക്വമാണെന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രതികരണം. തരൂരിനുവേണ്ടി ശക്തമായി നിൽക്കാനാണ് സുധാകരപക്ഷത്തിന്റെ തീരുമാനം.