തിരുവനന്തപുരം
ഇന്ത്യയെ ഒരുമിപ്പിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമ്പോൾ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ച് കന്യാകുമാരിയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
വൻകിട ബിസിനസുകാരാണ് ഇന്ത്യയെ നയിക്കുന്നത്. സിബിഐ, എൻഫോഴ്സ്മെന്റ് എന്നിവയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നത്. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഒരു പ്രതിപക്ഷ നേതാവും ബിജെപിയെ പേടിക്കില്ല. ഓരോ വ്യക്തിയുടെയും മതത്തെയും ഭാഷയെയും പ്രതിനിധാനംചെയ്യുന്നതാണ് ദേശീയപതാക. എന്നാലത് തങ്ങളുടെ സ്വകാര്യ സ്വത്താണെന്നാണ് ബിജെപിയും ആർഎസ്എസും കരുതുന്നതെന്നും രാഹുൽ പറഞ്ഞു.
എട്ട്, ഒമ്പത്, പത്ത് തീയതികളിൽ കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തിയശേഷം 11ന് കേരളത്തിലെത്തും. പാറശാലയിലാണ് ആദ്യ സ്വീകരണം. തുടർന്ന് 12, 13 തീയതികളിൽ തിരുവനന്തപുരം ജില്ലയിലുണ്ടാകും. 29വരെയാണ് യാത്ര കേരളത്തിലുണ്ടാകുക.