മാഡ്രിഡ്
ചാമ്പ്യൻസ് ലീഗിലും എർലിങ് ഹാലണ്ടിന്റെ ഗോളടി തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ സെവിയ്യക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്കായി ഹാലണ്ട് ഇരട്ടഗോളടിച്ചു. നാല് ഗോളിനായിരുന്നു സിറ്റിയുടെ ജയം.ചെൽസിയൊഴികെ മറ്റ് വമ്പന്മാരെല്ലാം ആധികാരികജയം നേടി.
നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മൂന്ന് ഗോളിന് സെൽറ്റിക്കിനെ തകർത്തു. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവിൽ പിഎസ്ജി യുവന്റസിനെ 2–1ന് വീഴ്ത്തി. ബൊറൂസിയ ഡോർട്ട്മുണ്ട് മൂന്ന് ഗോളിന് കോപ്പൻഹാഗനെ മറികടന്നു. എസി മിലാനെ 1–1ന് സാൽസ്ബുർഗ് തളച്ചു. മുൻ ചാമ്പ്യൻമാരായ ചെൽസിയെ ഒരു ഗോളിന് ഡെെനാമോ സാഗ്രെബ് അട്ടിമറിക്കുകയായിരുന്നു.
ഗ്രൂപ്പ് ജിയിൽ സെവിയ്യക്കെതിരെ സിറ്റി ഒന്നാന്തരംകളി പുറത്തെടുത്തു. ഹാലണ്ട് ഇരട്ടഗോൾ തൊടുത്തപ്പോൾ ഫിൽ ഫോദെൻ, റൂബെൻ ഡയസ് എന്നിവരും ലക്ഷ്യംകണ്ടു. സിറ്റി കുപ്പായത്തിൽ അഞ്ച് കളിയിൽ ഒമ്പത് ഗോളുമായാണ് ഹാലണ്ട് സ്പെയ്നിൽ സെവിയ്യക്കെതിരെ കളിക്കാനെത്തിയത്.
ജോയോ കാൻസെലോ രണ്ടുഗോളിന് അവസരമൊരുക്കി. ഒരെണ്ണത്തിന് കെവിൻ ഡി ബ്രയ്നും.
ഗ്രൂപ്പ് എച്ചിൽ ആദ്യ പകുതിയിൽത്തന്നെ എംബാപ്പെയുടെ ഇരട്ടഗോളിൽ പിഎസ്ജി യുവന്റസിനെതിരെ മുന്നിലെത്തി. ഒരു ഗോളിന് നെയ്-മറാണ് അവസരമൊരുക്കിയത്. മറ്റൊന്നിന് അച്റഫ് ഹക്കീമിയും. യുവന്റസിനായി വെസ്റ്റൺ മക്കെന്നി ഒരെണ്ണം തിരിച്ചടിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൻഫിക്ക മക്കാബി ഹയ്ഫയെ രണ്ട് ഗോളിന് കീഴടക്കി.
ഗ്രൂപ്പ് എഫിൽ റയലിന് സെൽറ്റിക്കിനെതിരെ അനായാസ ജയമായിരുന്നു. വിനീഷ്യസ് ജൂനിയർ, ലൂക്കാ മോഡ്രിച്ച്, ഏദെൻ ഹസാർഡ് എന്നിവർ ലക്ഷ്യംകണ്ടു. അതിനിടെ മുന്നേറ്റതാരം കരിം ബെൻസെമയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. മറ്റൊരു മത്സരത്തിൽ ആർബി ലെയ്പ്സിഗിനെ 4–1ന് ഷക്താർ ഡൊണെസ്-തക് തകർത്തു. ഗ്രൂപ്പ് ഇയിൽ മിസ്ലാവ് ഒർസിച്ചിന്റെ ഗോളിലാണ് ചെൽസിയെ ഡെെനാമോ തുരത്തിയത്.