മനാമ> സ്പോൺസർ ഇല്ലാത്ത, അഞ്ചുവർഷ കാലാവധിയുള്ള ഗ്രീൻ വിസ ഉൾപ്പെടെ വിസ നിയമങ്ങളിൽ മാറ്റംവരുത്തി യുഎഇ. പുതിയ വിസ ചട്ടങ്ങൾ ഒക്ടോബർ മൂന്നിന് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. പുതിയ വിസകളിൽ നിലവിൽ 30 ദിവസത്തിനുപകരം 60 ദിവസത്തെ എൻട്രി പെർമിറ്റും തുടർച്ചയായി 90 ദിവസംവരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന അഞ്ചുവർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും ഉൾപ്പെടുന്നു.
വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർമാർ, സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് അഞ്ചുവർഷത്തെ ഗ്രീൻ വിസ. ശമ്പളം വാങ്ങുന്ന ആളുകൾക്കും സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും നിക്ഷേപകർക്കും കമ്പനികളിലെ പങ്കാളികൾക്കും അഞ്ചുവർഷത്തേക്ക് സ്പോൺസറില്ലാതെ വിസ അനുവദിക്കും. കൂടാതെ, ഗ്രീൻ വിസ ഉടമകൾക്ക് ബന്ധുക്കളെ സ്പോൺസർ ചെയ്യാനുമാകും.
പ്രതിമാസം 30,000 ദിർഹമോ അതിലധികമോ ശമ്പളമുള്ള വിദഗ്ധരായ പ്രൊഫഷണലുകൾക്ക് 10 വർഷത്തെ വിസ ലഭിക്കുന്നതരത്തിൽ ഗോൾഡൻ വിസ സംരംഭം വിപുലീകരിക്കും. രാജ്യത്തിനു പുറത്ത് താമസിക്കുന്ന ഗോൾഡൻ വിസ ഉടമകളുടെ പെർമിറ്റ് റദ്ദാക്കില്ല. റസിഡൻസി വിസ റദ്ദാക്കുന്ന ആളുകൾക്ക് രാജ്യത്ത് തങ്ങാൻ ആറു മാസത്തെ ഗ്രേസ് പീരീഡ് ലഭിക്കും.