ഷാർജ
ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതോടെ ഇന്ത്യ ഫെെനൽ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫെെനലിൽ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും.
പൊരുതിക്കളിച്ച അഫ്ഗാനെ ഒരു വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാന്റെ ഫെെനൽ പ്രവേശം. 129 റൺ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ 19.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ജയംനേടി.അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ 11 റണ്ണായിരുന്നു പാകിസ്ഥാന് ആവശ്യം. ഫസല്ലാഖ് -ഫറൂഖിയുടെ ആദ്യ രണ്ട് പന്തും സിക്സർ പറത്തി നസീം ഷാ (4 പന്തിൽ 14) പാകിസ്ഥാന് ആവേശ ജയമൊരുക്കി. സ്കോർ: അഫ്ഗാൻ 6–129, പാകിസ്ഥാൻ 9–131 (19.2).
മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ ഫാറൂഖിയും ഫരീദ് അഹമ്മദുമാണ് അഫ്ഗാന് വേണ്ടി പൊരുതിയത്. പാകിസ്ഥാൻ നിരയിൽ 36 റണ്ണെടുത്ത ഷദാബ് ഖാൻ തിളങ്ങി.
ഞായറാഴ്ചയാണ് ഫെെനൽ.
ഇന്ന് അഫ്ഗാനെതിരെ
ഏഷ്യാകപ്പിൽ നിന്ന് പുറത്തായ ഇന്ത്യ ആശ്വാസ ജയത്തിനായി ഇന്ന് സൂപ്പർ ഫോറിലെഅവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ. ആദ്യകളിയിൽ പാകിസ്ഥാനോടും രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്കയോടും ഇന്ത്യ തോറ്റിരുന്നു. അഫ്ഗാൻ ലങ്കയോടും പാകിസ്ഥാനോടും തോറ്റുമടങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ലങ്കയെയും ബംഗ്ലാദേശിനെയും തോൽപ്പിച്ചിട്ടുണ്ട് അഫ്ഗാൻ.
ഇന്ത്യൻ നിരയിൽ പരിക്കേറ്റ പേസർ ആവേശ് ഖാൻ പുറത്തായി. ടൂർണമെന്റിനിടെ പരിക്കേറ്റ് മടങ്ങുന്ന രണ്ടാമത്തെ താരമാണ് ആവേശ്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ഋഷഭ് പന്ത്, ദീപക് ഹൂഡ എന്നിവരിലൊരാൾക്കുപകരം ദിനേശ് കാർത്തിക് തിരിച്ചെത്താൻ സാധ്യതയുണ്ട്. ആവേശിനുപകരം പേസർ ദീപക് ചഹാറും കളിച്ചേക്കും.