ന്യൂഡൽഹി> ചരിത്രത്തിൽ ആദ്യമായി പേപ്പർരഹിത ’ഹരിത ബെഞ്ചിന് ’ രൂപം നൽകി സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അഭിഭാഷകരും കക്ഷികളും പേപ്പർ ഇനി കൊണ്ടുവരരുതെന്ന് നിർദേശിച്ചത്. കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിൽ ഭരണ സർവീസുകളെ സംബന്ധിച്ചുള്ള കേസിന്റെ വാദത്തിനിടയിലാണ് ഈ വിഷയത്തിൽ പേപ്പറുകൾ സ്വീകരിക്കില്ലന്നും ഹരിത ബെഞ്ചാകുകയാണെന്നും ചന്ദ്രചൂഡ് അറിയിച്ചത്.
സ്കാൻ കോപ്പികൾ മാത്രമായിരിക്കും ഇനി മുതൽ സമർപ്പിക്കാനാവുക. ഇതിനു പുറമേ അഭിഭാഷകർക്ക് സുപ്രീംകോടതി രജിസ്ട്രിയുടെ നേതൃത്വത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ജനറലും ഐടി സെൽ മേധാവിയും പരിശീലനം നൽകാൻ തയ്യാറാണെന്ന് അറിയിച്ചെന്നും ശനിയാഴ്ചകളിൽ നടത്താമെന്നുമാണ് കോടതി നിർദ്ദേശം.
അഭിഭാഷകരിലൊരാൾ എതിരഭിപ്രായം പ്രകടിപ്പിച്ചെങ്കിലും തങ്ങളും പരിശീലനം നേടിയെന്നും നിങ്ങളും ആരംഭിക്കണമെന്നും ബെഞ്ചംഗമായ എം ആർ ഷാ പറഞ്ഞു. ചന്ദ്രചൂഡിനും എം ആർ ഷായ്ക്കും പുറമേ കൃഷ്ണമുരാരി, ഹിമകോലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചംഗങ്ങൾ. സുപ്രീംകോടതിയുടെ ഇ- കമ്മിറ്റി ചെയർമാനായ ചന്ദ്രചൂഡ് കോടതി നടപടികളിൽ വിവരസാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് വാദിക്കുന്നയാളാണ്.