അബുദാബി> മലയാളം മിഷൻ അബുദാബിയുടെ ആഭിമുഖ്യത്തിൽ ജൂൺ 4, 5, തിയ്യതികളിലായി നടന്ന പഠനോത്സവ വിജയികളെ പ്രഖ്യാപിച്ചു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും രജിസ്ട്രാർ വിനോദ് വൈശാഖിയുടെമാണ് റിസൾട്ട് പ്രഖ്യാപിച്ചത്. കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുത്ത 139 പഠിതാക്കളിൽ 133 പേര് വിജയിച്ചപ്പോൾ സൂര്യകാന്തി പഠനോത്സവത്തിൽ പങ്കെടുത്ത 62 പേരും വിജയിച്ചു.
കണിക്കൊന്നയിൽ വിജയികളായവരിൽ 82 പേർക്ക് ‘എ’ ഗ്രേഡും 44 പേർക്ക് ‘ബി’ ഗ്രേഡും 7 പേർക്ക് ‘സി’ ഗ്രേഡും ലഭിച്ചപ്പോൾ സൂര്യകാന്തിയിൽ വിജയികളായ 62 പേരിൽ 40 പേർക്ക് ‘എ’ ഗ്രേഡും 19 പേർക്ക് ‘ബി’ ഗ്രേഡും 3 പേർക്ക് ‘സി’ ഗ്രേഡും ലഭിക്കുകയുണ്ടായി. കണിക്കൊന്ന പഠനോത്സവത്തിൽ ടിസ്യ വിനേഷ്, വിസ്മയ മോഹൻകുമാർ, മുക്ത ജയേഷ്, സാന്ദ്ര ശ്യാം സാറ എന്നിവർ നൂറ് മാർക്കിൽ നൂറും കരസ്ഥമാക്കിക്കൊണ്ട് ഉന്നത വിജയം നേടി. നാലുപേരും അബുദാബി മലയാളി സമാജം മലയാളം മിഷൻ വിദ്യാർത്ഥികളാണ്.
മലയാളം മിഷൻ അബുദാബിക്ക് കീഴിൽ നടക്കുന്ന മൂന്നാമത് കണിക്കൊന്ന പഠനോത്സവമാണിത്. ആദ്യമായാണ് അബുദാബിയിൽ സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചത്. പഠനോത്സവങ്ങൾക്ക് കൺവീനർ വി. പി. കൃഷ്ണകുമാർ, കോർഡിനേറ്റര്മാരായ സഫറുള്ള പാലപ്പെട്ടി, ബിജിത്കുമാർ എന്നിവർക്ക് പുറമെ അബുദാബിയിലെ വിവിധ കേന്ദ്രങ്ങളിലായി അധ്യാപകരായ എ. പി. അനിൽ കുമാർ, അനിത റഫീഖ്, വീണ രാധാകൃഷ്ണൻ, ചിത്ര പവിത്രൻ, നൗഷി ഫസൽ, പ്രീത നാരായണൻ, മഞ്ജു സുധീർ, ബിന്ദു ഷോബി, നാരായണൻ നമ്പൂതിരി, സുമ വിപിൻ, രമേശ് ദേവരാഗം, സംഗീത ഗോപകുമാർ, ബിൻസി ലെനിൻ, ലേഖ വിനോദ്, സ്മിത ധനേഷ്, ഭാഗ്യ സരിത, ഷൈനി ഷെബിൻ, നിസ്വിന നിഷാം, മനു കൈനകരി, ഭാഗ്യസരിത, ജിഷ ഷാജി ബദാസായിദിൽ സെറിൻ അനുരാജ്, അളകനന്ദ അൽ ദഫ്റയിൽ അജിത് എം. പണിക്കർ എന്നിവരും നേതൃത്വം നൽകി.
മലയാളം മിഷൻ അബുദാബിയുടെ കീഴിൽ നിലവിൽ 71 സെന്ററുകളിലായി 90 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ മാതൃഭാഷയുടെ മാധുര്യം നുകർന്നുവരുന്നു. കണിക്കൊന്ന പഠനോത്സവത്തിൽ വിജയികളായവരുടെ സൂര്യകാന്തി ക്ലാസുകളും, സൂര്യകാന്തി പഠനോത്സവത്തിൽ വിജയികളായവരുടെ ആമ്പൽ ക്ലാസുകളും ഉടനെ ആരംഭിക്കുമെന്ന് മലയാളം മിഷൻ കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി അറിയിച്ചു.