ന്യൂഡൽഹി
മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യത്തിലൂടെ കേന്ദ്രത്തിലെ ബിജെപി സർക്കാരിന് ബദലൊരുക്കാനുള്ള പ്രതിപക്ഷശ്രമങ്ങൾക്ക് ഊർജം പകർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡൽഹി സന്ദർശനം. 2024ലെ തെരഞ്ഞെടുപ്പിൽ ജനവിരുദ്ധ ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള തന്ത്രമാവിഷ്കരിക്കാന് സിപിഐ എം അടക്കം വിവിധ പ്രതിപക്ഷപാര്ടി നേതാക്കളുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ബിജെപിയെ അധികാരത്തിൽനിന്ന് തൂത്തെറിയാനാകുമെന്ന് നിതീഷ് കുമാർ പറഞ്ഞു.
ഡൽഹി എ കെ ജി ഭവനിലെത്തിയ നിതീഷ്കുമാർ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തി. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യമെന്ന സിപിഐ എം നയത്തിലേക്ക് ജെഡിയു എത്തിയതിനെ യെച്ചൂരി സ്വാഗതം ചെയ്തു. പ്രതിപക്ഷഐക്യം രൂപീകരിക്കാനുള്ള ശ്രമത്തിൽ നിതീഷ് ഉറച്ച പിന്തുണ നൽകി. ഇടതുപക്ഷവും പ്രാദേശിക പാർടികളും കോൺഗ്രസും ഒന്നിച്ച് മുന്നേറിയാല് വൻ നേട്ടമുണ്ടാക്കാമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം നിതീഷ് കുമാർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പ്രധാനമന്ത്രി സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തോട് താൻ അത് അവകാശപ്പെടാനോ താൽപ്പര്യപ്പെടാനോ ഇല്ലെന്നായിരുന്നു മറുപടി. സിപിഐ എമ്മുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും അത് പുനരുജ്ജീവിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെയും മതനിരപേക്ഷതയെയും സംരക്ഷിക്കുന്നതിന് പ്രതിപക്ഷ ഐക്യം അത്യന്താപേക്ഷിതമാണെന്ന് യെച്ചൂരി പറഞ്ഞു. നിതീഷ് പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യനാണെങ്കിലും സ്ഥാനാർഥിയെ സംബന്ധിച്ചുള്ള ചർച്ച പിന്നീടാണ് തുടങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർടി നേതാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ഹരിയാന മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല തുടങ്ങിയവരുമായും നിതീഷ് ചർച്ച നടത്തി. ബുധനാഴ്ച ശരദ് പവാറടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സന്ദർശിക്കും. കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ ഐക്യം സാധ്യമായാൽ ബിജെപിയെ 50 സീറ്റിലേക്ക് ഒതുക്കാമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.