കൊല്ലം
മീൻപിടിത്തബോട്ടിൽ ക്യാനഡയിലേക്കു കടത്താമെന്ന വാഗ്ദാനത്തിൽ കൊല്ലത്തെത്തിയ 19 പേർകൂടി പിടിയിൽ. ഇവരിൽ സെറിബ്രൽ പാൾസി ബാധിച്ച് ശയ്യാവലംബിയായ അഞ്ചുവയസ്സുകാരനും നാല് സ്ത്രീകളുമുണ്ട്. ഇതോടെ രണ്ടു ദിവസമായി അറസ്റ്റിലായവരുടെ എണ്ണം 30 ആയി. മനുഷ്യക്കടത്ത് സംഘത്തിന് പണം കൈമാറി വിദേശത്തേക്കു കടക്കാൻ കൂടുതൽ പേർ കൊല്ലത്തു തമ്പടിക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്തെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. സംഘത്തിന് പ്രാദേശികമായി സഹായം ലഭ്യമാക്കുന്നവർക്കായും അന്വേഷണം തുടങ്ങി. ക്രൈം റെക്കോഡ്സ് ബ്യൂറോ എസിപി എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ചൊവ്വ വൈകിട്ട് ബോട്ട് എത്തുമെന്ന സന്ദേശത്തെതുടർന്ന് രാവിലെ കൊല്ലം ബീച്ചിനു സമീപത്തെ ഹോട്ടൽ മുറിയൊഴിഞ്ഞു കടപ്പുറത്തേക്കു പോയ സ്ത്രീകളും സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയും ഉൾപ്പെടെ രണ്ടു കുടുബങ്ങളിൽപ്പെട്ട 11 പേരാണ് ആദ്യം പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ തിരുവനന്തപുരം മംഗലപുരത്താണ് പിടിയിലായത്. തിങ്കളാഴ്ച കൊല്ലം ബീച്ച്റോഡിലെ ലോഡ്ജിൽനിന്ന് പിടിയിലായവർക്കൊപ്പം താമസിച്ചശേഷം മുങ്ങിയ ആറുപേരെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽനിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെയെല്ലാം കൊല്ലത്തെത്തിക്കും.
ട്രിങ്കോമാലിക്കാരായ വിലക്ഷൻ (29), ഭാര്യ കൊൻസീല (27), ഇവരുടെ മകൻ റോയ്സൻ (അഞ്ച്) എന്നിവർ നാലുവർഷം മുമ്പ് മെഡിക്കൽ വിസയിലാണ് ചെന്നൈയിലെത്തിയത്. ജയസീലൻ (50), ഭാര്യ സത്യപ്രിയ (44), ഇവരുടെ മക്കളായ പ്ലസ് വൺ വിദ്യാർഥി സെൺ ജയപ്രിയൻ (17), പത്താം ക്ലാസ് വിദ്യാർഥി വോജിക (14), ജസിന്തൻ (32), ഭാര്യ സാരണ്യ (23), കീർത്തി (23), പ്രസാദ് (29) എന്നിവർ രണ്ടു സംഘങ്ങളായി ജൂലൈയിലും ഇന്ത്യയിലെത്തി. ഇവരിൽ ജസീന്തൻ, കീർത്തി, സാരണ്യ എന്നിവർ വിലക്ഷന്റെ കുടംബത്തിൽ ഉൾപ്പെട്ടവരാണ്.
വിലക്ഷനും ഭാര്യയും മകനും ട്രിച്ചിയിൽനിന്ന് ട്രെയിനിൽ കൊച്ചിയിലെത്തി ഗുരുവായൂർ സന്ദർശനവും കഴിഞ്ഞാണ് കൊല്ലത്തെത്തിയത്. ബാക്കിയുള്ളവർ ബസിലും എത്തി. കടപ്പുറത്തേക്കു പോകുന്ന സംഘത്തെക്കണ്ട് സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പള്ളിത്തോട്ടം പൊലീസെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊല്ലത്തെ രണ്ടു ഹോട്ടലിലായി ഇവർ ശനിയാഴ്ച മുതലാണ് മുറിയെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗലപുരത്തുനിന്നു പിടിയിലായ പ്രവീണും പ്രസന്നനുമാണ് പിടിയിലായവർക്ക് യാത്രാസൗകര്യം ഒരുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. രാത്രി വൈകി കൊല്ലത്തെത്തിച്ച ഇവർക്കെതിരെ പാസ്പോർട്ട് നിയമം, ഫോറിനേഴ്സ് നിയമം എന്നിവ അനുസരിച്ച് കേസെടുത്തു.