ന്യൂഡൽഹി
ഏതെങ്കിലും മതത്തിന്റെ പേരോ ചിഹ്നമോ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർടികൾക്ക് വിലക്കേർപ്പെടുത്തണമെന്ന റിട്ട് ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. ഒക്ടോബർ 18ന് മുമ്പായി മറുപടി നൽകണം. ഹർജിയിൽ പരാമർശിക്കപ്പെട്ട രാഷ്ട്രീയ കക്ഷികളോട് കേസിൽ കക്ഷിചേരാനും നിർദേശിച്ചു. മതാടിസ്ഥാനത്തിൽ വോട്ട് തേടുന്നത് വിലക്കിയുള്ള ജനപ്രാതിനിധ്യ നിയമത്തിലെ 29(എ), 123(3), 123(3എ) വകുപ്പുകൾ പ്രകാരം വിലക്കാവശ്യപ്പെട്ട് സയ്യദ് വസീം റിസ്വി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ച് നോട്ടീസ് അയച്ചത്. രണ്ട് അംഗീകൃത സംസ്ഥാന പാർടികൾ പേരിനൊപ്പം ‘മുസ്ലിം’ എന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. ചില പാർടികളുടെ കൊടിയിൽ ചന്ദ്രക്കലയും നക്ഷത്രവുമുണ്ട്. മതനാമങ്ങൾ ഉപയോഗിക്കുന്ന നിരവധി പാർടികളുടെ പേരുവിവരങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.