മനാമ > അധ്യാപകര്‍ക്കും സ്കൂള്‍ ഉള്‍പ്പെടെ വിദ്യഭ്യാസ മേഖലയിലെ മറ്റു ജീവനക്കാര്‍ക്കുമായി യുഎഇ പെരുമാറ്റച്ചട്ടം തയ്യാറാക്കി. പത്തു നിര്‍ദേശങ്ങള്‍ അടങ്ങിയ പെരുമാറ്റച്ചട്ടം മതത്തിലും വംശത്തിലും സംസ്കാരത്തിലും സഹിഷ്ണുത വളര്‍ത്താനും വൈവിധ്യത്തെ അംഗീകരിക്കാനും ആവശ്യപ്പെടുന്നു. ഭീഷണിപ്പെടുത്തല്‍, അവഗണന, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അക്രമം എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകാനും നിര്‍ദേശിക്കുന്നു.
തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക, ഏത് സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ വാക്കാലോ ശാരീരികമോ ആയ അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, ജീവനക്കാര്‍ മാതാപിതാക്കളോടും സമൂഹത്തോടും ഇടപെടുന്നതില്‍ നല്ല പെരുമാറ്റം പ്രകടിപ്പിക്കുക എന്നിവ പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ അവരുടെ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിനും എതിരെ പെരുമാറ്റത്തിലോ വാക്കാലോ കുറ്റകൃത്യങ്ങള്‍ ചെയ്യരുത്. പൊതുവിദ്യാഭ്യാസ മേഖലയിലെ തൊഴിലാളികള്‍ ജോലിസ്ഥലത്ത് പുകവലി ഉള്‍പ്പെടെയുള്ള ഏതെങ്കിലും അനധികൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ കൈവശം വക്കുകയോ പാടില്ല.
സാമൂഹികമായി അസ്വീകാര്യമായ പെരുമാറ്റങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ലിംഗ സ്വത്വം, സ്വവര്‍ഗരതി അല്ലെങ്കില്‍ യുഎഇയുടെ സമൂഹത്തിന് അസ്വീകാര്യമെന്ന് കരുതുന്ന മറ്റേതെങ്കിലും പെരുമാറ്റം എന്നിവ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ മേഖലയിലെ എല്ലാ തൊഴിലാളികളും ഉചിതമായതും വെളിപ്പെടുത്താത്തതുമായ വസ്ത്രങ്ങള്‍ ധരിക്കണം എന്നും പെരുമാറ്റച്ചട്ടം നിര്‍ദേശിക്കുന്നു.
യുഎഇയിലെ വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ മികച്ച ധാര്‍മ്മിക നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള സ്ഥാപന സംസ്കാരം കെട്ടിപ്പടുക്കുക്കുകയാണ് പെരുമാറ്റചട്ടം ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ അഹമ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസി ട്വീറ്റ് ചെയ്തു. യുഎഇ സംസ്കാരത്തിനും ഇസ്ലാമിനോടുമുള്ള ബഹുമാനത്തിനും ചട്ടം ഊന്നല്‍ നല്കുന്നു.