ന്യൂഡൽഹി
ഭാവിസമരങ്ങൾക്കായി പുതിയ അവകാശപത്രിക രൂപീകരിച്ചതിനു പുറമേ പുതിയ കോ–-ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപംനൽകാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.
പുതിയ കമ്മിറ്റിയിലേക്കുള്ളവരെ തെരഞ്ഞെടുക്കാൻ പതിനൊന്നംഗ കരട് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മിനിമം താങ്ങുവിലയുടെ നിയമപ്രാബല്യം ഉറപ്പാക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് അവകാശപത്രികയിലുള്ളത്.
സെപ്തംബർ 15 മുതൽ 25 വരെ ബ്ലോക്ക്–-താലൂക്ക് തലങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ജില്ലാതലയോഗങ്ങൾ നടത്തി എംപിമാരെ കണ്ട് കാർഷികപ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ ആവശ്യപ്പെടും. നവംബർ 26ന് സംസ്ഥാനങ്ങളിൽ റാലി നടത്തി ഗവർണർക്ക് അവകാശപത്രിക സമർപ്പിക്കും. ലഖിംപുർഖേരി രക്തസാക്ഷി ദിനമായ ഒക്ടോബർ മൂന്ന് രാജ്യവ്യാപകമായി കരിദിനമായി ആചരിക്കാനും ഡൽഹിയിൽ ചേർന്ന യോഗം തീരുമാനിച്ചു.