ന്യൂഡൽഹി
കോൺഗ്രസിന് മാത്രമായി ബിജെപിയെ ചെറുക്കാനാകില്ലെന്ന് ഡൽഹി രാംലീല മൈതാനിയിലെ റാലിയിൽ തുറന്നുസമ്മതിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർടികളുമായി കൈകോർത്ത് ബിജെപിയെയും ആർഎസ്എസിനെയും പരാജയപ്പെടുത്തുമെന്ന് ‘ഹല്ലാ ബോൽ’ റാലിയിൽ രാഹുൽ പറഞ്ഞു. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. രണ്ട് കച്ചവടക്കാരും മാധ്യമങ്ങളും ഇല്ലായിരുന്നെങ്കിൽ മോദി അധികാരത്തിൽ വരില്ല. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമീഷനുമെല്ലാം സമ്മർദത്തിലാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതു മാത്രമാണ് ഏക മാർഗം.
മോദി ഭരണത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായി. നേരത്തേ പറഞ്ഞ കോർപറേറ്റുകൾ തൊഴിലുകൾ നൽകുന്നവരല്ല. അത് ചെറുകിട–- ഇടത്തരം സംരംഭങ്ങളാണ് നൽകുന്നത്. ഈ മേഖലയുടെ നട്ടെല്ല് മോദി തകർത്തു. ഒന്നാം യുപിഎ കാലത്താണ് തൊഴിലുറപ്പ് കൊണ്ടുവന്നത്. മോദി പാർലമെന്റിൽ തൊഴിലുറപ്പിനെ പരിഹസിച്ചു. ആ പദ്ധതി ഇല്ലായിരുന്നെങ്കിൽ രാജ്യം കത്തുമായിരുന്നു. യുപിഎ കാലത്ത് 27 കോടി പേർ ദാരിദ്ര്യത്തിൽനിന്ന് കരകയറി. മോദി ഭരണത്തിൽ 23 കോടി പേർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടു–- രാഹുൽ പറഞ്ഞു.
രാജസ്ഥാൻ, യുപി, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് റാലിക്കെത്തിയത്. റാലിക്ക് വന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ആരും കസ്റ്റഡിയിലില്ലെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടു. അശോക് ഗെലോട്ട്, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പങ്കാളികളായി. അതേസമയം സോണിയ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള റാലിയാണെന്ന് ബിജെപി പരിഹസിച്ചു. കോൺഗ്രസിൽ കസേര കളിയാണെന്നും രണ്ടുപേർക്ക് മാത്രമേ കസേര കിട്ടൂവെന്നും ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.